മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനപ്പുറത്തേക്ക് അവതാരകയായും, വിധികര്‍ത്താവായുമൊക്കെ നിരവധി പരിപാടികളിലും റിമി പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ അമൃത ടി.വിയിലെ ‘പാടാം നേടാം’ എന്ന പരിപാടിയില്‍ മത്സരിക്കാനായി റിമി വന്നിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും ആ പരിപാടിയില്‍ റിമി സംസാരിച്ചിരുന്നു.
ആത്മാര്‍ത്ഥമായ പ്രണയമൊക്കെ ഉണ്ടാകുന്നത് പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണെന്നും, എന്നാല്‍ ആദ്യ പ്രണയം ഒമ്പതാം ക്ലാസിലായിരുന്നു എന്നും റിമി പറഞ്ഞു. അയാളുമായി അത്ര ആത്മാര്‍ത്ഥമായുള്ള പ്രണയമാണെന്ന് പറയാന്‍ കഴിയില്ലെന്നും സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും കാണും അത്രമാത്രമായിരുന്നു എന്നും റിമി പറഞ്ഞു.
‘കലാകാരനോ കലാകാരിയോ ആകുമ്പോള്‍ കുറച്ച് ഫീലിങ്‌സ് കൂടുതല്‍ ഉണ്ടെങ്കിലേയുള്ളു. എനിക്കും പ്രണയമുണ്ടായിട്ടുണ്ട്. ഈ അടുത്തിടെ വാലന്റൈന്‍സ് ദിനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്ന റിയാലിറ്റി ഷോയില്‍ പ്രണയത്തെ കുറിച്ച് പറയണമായിരുന്നു. ഞാന്‍ ആണെങ്കില്‍ ഇല്ലാത്ത കഥയൊക്കെ കൂട്ടി പറഞ്ഞ് വലിയൊരു സംഭവമാക്കുകയും ചെയ്തു. വീണ്ടും ഞാന്‍ അങ്ങനെയൊരു കഥ പറയണോ(ചിരിച്ചുകൊണ്ട്).
പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ആത്മാര്‍ത്ഥമായ പ്രണയമൊക്കെ തോന്നുന്നത്. എന്നാല്‍ അങ്ങനെയൊരു ഫീലൊക്കെ വന്ന് തുടങ്ങുന്നത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പയ്യന്‍ പുന്തോട്ടത്തിലിരിക്കുന്ന ഒരു ഫോട്ടോയൊക്കെ എനിക്ക് കൊണ്ടുവന്ന് തന്നിട്ടുണ്ട്.
അന്ന് നമ്മുടെ വീട്ടിലൊന്നും ഫോണില്ലായിരുന്നു. എന്നെ അപ്പുറത്തെ വീട്ടിലെ ഫോണിലേക്ക് ഒരാള്‍ വിളിച്ചതിന് അമ്മ അയാളോട് ചൂടായിട്ടുണ്ട്. എന്നിട്ട് മുട്ടയില്‍ നിന്നും വിരിഞ്ഞില്ലെന്നും പറഞ്ഞ് എന്നെയും തല്ലി. ശരിക്കും അതിലൊന്നും ഒരു കാര്യവുമില്ലായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുമ്പ് പറഞ്ഞതുപോലെ ആദ്യ പ്രണയം സംഭവിക്കുന്നത്. എന്താണ് പ്രണയം എന്ന ഫീല്‍ കിട്ടിയതേയുള്ളായിരുന്നു.
അല്ലാതെ വലിയ കാര്യമൊന്നുമില്ലായിരുന്നു. ഞാന്‍ അങ്ങനെ ആ വ്യക്തിയെ പ്രണയിച്ചു എന്നൊന്നും പറയാന്‍ കഴിയില്ല. പുള്ളിയും പാലായില്‍ തന്നെയുള്ള ആളായിരുന്നു. സ്‌കൂളില്‍ നിന്നും വരികയും പോവുകയും ചെയ്യുമ്പോള്‍ കാണും, അങ്ങനെയൊക്കെ ആയിരുന്നു എന്റെ പ്രണയം,’ റിമി ടോമി പറഞ്ഞു.