കൊച്ചി: കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് അജിതയുടെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി നടി റീമ കല്ലിംഗല്‍.
നിരായുധയായ സ്ത്രീയുടെ ശരീരത്തില്‍ നിന്നും 19 വെടിയുണ്ടകളാണ് കണ്ടെടുത്തതെന്ന് റിമ ഫേസ്ബുക്കില്‍ പറഞ്ഞു.
മാവോയിസ്റ്റുകളായ ദേവരാജിനെയും അജിതയെയും വെടിവെച്ച് കൊന്ന പൊലീസ് നടപടി സംശയ്‌സ്പദമാണെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപണമെന്ന് നേരത്തെ സംവിധായകന്‍ ആഷിഖ് അബുവും ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ളവരും രംഗത്തു വന്നിരുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെകുറിച്ച് പോലിസ് നല്‍കിയിട്ടുള്ള വിവരങ്ങള്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതാണെന്നും മാവോയിസ്റ്റാവുന്നത് കണ്ടാലുടന്‍ വെടിവെച്ചു കൊല്ലാവുന്ന കുറ്റകൃത്യമല്ല. കൊല്ലപ്പെട്ടവര്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും അവര്‍ കൊല്ലപ്പെട്ടതെങ്ങനെയെന്നും അറിയാന്‍ പൊതു സമൂഹത്തിന്നവകാശമുണ്ടെന്നും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ചയാണ് നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് സേന വെടിവെച്ചു കൊന്നത്. പൊലീസിന്റെ ഏറ്റുമുട്ടല്‍ കഥ വ്യാജമാണെന്ന് വ്യക്തമാക്കുന്നതിന്റെ സൂചനകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.