| Tuesday, 11th January 2022, 11:35 pm

പോസ്റ്റ് റീഷെയര്‍ ചെയ്യുന്നതിലല്ല പിന്തുണ, സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നില്ല: റിമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ എന്തുകൊണ്ട് ഗൗരവമായി എടുക്കുന്നില്ലെന്നും സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറയുന്ന സര്‍ക്കാര്‍ 34 ലക്ഷം മുടക്കി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ട് എന്തുകൊണ്ട് അതിന്റ ഒരു കോപ്പി പോലും പരാതിക്കാര്‍ക്ക് കിട്ടുന്നില്ലെന്നും റിമ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി.വിയിലൂടെയായിരുന്നു റിമയുടെ പ്രതികരണം.

‘ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് പുറത്ത് വിടുന്നില്ല. ഇത്തരമൊരു സംഭവം ഇനി ഉണ്ടാകരുതെന്ന് വിചാരിച്ചാണ് ഞങ്ങള്‍ ഇത് പറയുന്നത്.

ഇവിടെ പരാതി പറയാനുള്ള സംവിധാനം ഉണ്ടാകണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ എന്തുകൊണ്ട് ഗൗരവമായി എടുക്കുന്നില്ല എന്നത് വീണ്ടും വീണ്ടും ചോദിക്കുന്നത് ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവരുതെന്ന് വളരെയധികം വാശിയുള്ളത് കൊണ്ടാണ്.

പോസ്റ്റ് റീഷെയര്‍ ചെയ്യുന്നതിലല്ല പിന്തുണ കാണേണ്ടത്. അതിനു പുറകില്‍ നടപടികളുണ്ടാവണം. താരസംഘടന എന്താണ് ചെയ്തത് എന്ന് നമുക്ക് അറിയാം. അതിജീവിതയേയും കുറ്റാരോപിതനേയും ഒരുമിച്ച് ഇരുത്താം എന്ന കരുതിയ സംഘടന ഇവിടെ ഉണ്ട്.

ഇവിടുത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് കുറ്റാരോപിതനെ വെച്ച് സിനിമ എടുക്കുകയാണ് ചെയ്ന്നത്. ഇവിടെ എന്താണ് മാറേണ്ടത് എന്ന് നമ്മള്‍ അടിവരയിട്ട് പറയേണ്ട അവസ്ഥയാണല്ലോ,’ റിമ പറഞ്ഞു.

‘ബോംബെയില്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഐ.സി ഇല്ലാത്ത പ്രൊഡക്ഷന്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. ഐ.സി എന്തുകൊണ്ട് ഇനിടെ കൊണ്ടുവരാന്‍ പറ്റുന്നില്ല. പത്ത് പേര് കൂടിയാണ് ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്.

സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറയുന്ന സര്‍ക്കാര്‍ 34 ലക്ഷം മുടക്കി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ട് പരാതിക്കാര്‍ക്ക് എന്തുകൊണ്ട് അതിന്റ ഒരു കോപ്പി പോലും കിട്ടുന്നില്ല.

സൂപ്പര്‍ സ്റ്റാര്‍സ് എന്നുള്ള നിലക്ക് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്ള സ്വാധീനം വലുതാണ്. അവര്‍ക്ക് കൊണ്ടു വരാന്‍ പറ്റുന്ന മാറ്റം വലുതാണ്. ഇവിടുത്തെ സംസ്‌കാരം മാറണമെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളവര്‍ ഞങ്ങളോടൊപ്പം നിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും റിമ പറഞ്ഞു.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡബ്ല്യു.സി.സിയിലുള്ള സ്ത്രീകള്‍ എന്തൊക്കെയാണ് ചെയ്തിട്ടുള്ളത്. എന്തൊക്കെയാണ് ഞങ്ങള്‍ക്ക് നഷ്ടമായിട്ടുള്ളത്. വളരെ കുറച്ച് പിന്തുണയേ ഞങ്ങള്‍ക്ക് കിട്ടുന്നുള്ളൂ.

ഞങ്ങളുടെ പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ അവരുടെ കലാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മറ്റു ചില കാര്യങ്ങളിലൂടെ ശ്രദ്ധ ചെലുത്തേണ്ടി വരികയാണ്.

ഞങ്ങള്‍ ഒരു സിനിമയിലഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന ഇംപാക്റ്റിനെക്കാള്‍ വലുതാണ് ഡബ്ല്യു.സി.സിയിലൂടെ ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍.
ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് അതിന്റേതായ ലക്ഷ്യത്തിലേക്ക് എത്തേണ്ടതുണ്ട്. അതിന് വേണ്ട പിന്തുണ ലഭിക്കുന്നില്ല.

ഞങ്ങള്‍ ആദ്യം മുഖ്യമന്ത്രിയെ ചെന്ന് കണ്ടപ്പോള്‍ കിട്ടിയ സ്വീകാര്യത അല്ല ഇപ്പോള്‍. ഹേമ കമ്മീഷനിലെ അംഗങ്ങള്‍ തന്നെ പലതാണ് പറയുന്നത്. ഒരാള്‍ പറയുന്നു റിപ്പോര്‍ട്ട് പുറത്ത് വിടണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല എന്ന്. ഹേമ പറയുന്നു നിങ്ങള്‍ വേണമെങ്കില്‍ പോയി പറഞ്ഞുകൊള്ളൂവെന്ന്.

ഞങ്ങള്‍ അത്രയധികം എന്‍ര്‍ജിയും സമയവും ഇതിന് വേണ്ടി ചെലവാക്കിയ റിപ്പോര്‍ട്ടിലൂടെ അവരെന്ത് മാറ്റമാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ക്ക ഒരറിവും ഇല്ല.

ഇന്‍ഡസ്ട്രിയലുള്ള മറ്റുള്ളവര്‍ക്ക് ഈ റിപ്പോര്‍ട്ട് പുറത്ത് വരണമെന്നും ഇവിടെ മാറ്റമുണ്ടാകണമെന്നും മറ്റുള്ളവര്‍ക്ക് എന്തുകൊണ്ടാണ് ആഗ്രഹമുണ്ടാകാത്തത്,’ റിമ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: rima kallinkal criticising government

We use cookies to give you the best possible experience. Learn more