കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നുവെന്നും ഇനി അമ്മയുമായി സഹകരിച്ച് പോകാന്‍ താല്‍പര്യമില്ലെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്ന് പ്രതീക്ഷിക്കാനാകില്ലെന്നും റിമ റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് ഹവറില്‍ പറഞ്ഞു.
അമ്മ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയല്ലെന്നും റിമ പറഞ്ഞു. എന്ത്‌കൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പോയി ഈ അഭിപ്രായം പറയാത്തത് എന്ന അവതാരകന്റെ ചോദ്യത്തിന് “അമ്മ”യില്‍ പോയി പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്നുമായിരുന്നു റിമയുടെ മറുപടി.
“നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ആരുടെ കൂടെ നില്‍ക്കുന്നുവെന്നും അറിയാത്തവരും ആ കൂട്ടത്തിലുണ്ട്. ഉര്‍മിള ഉണ്ണി അതിന് ഒരു ഉദാഹരണം മാത്രമാണ്, മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയില്‍ സ്‌കിറ്റില്‍ അഭിനയിച്ചവരും അതിനുള്ള ഉദാഹരണമാണ്. റിമ പറഞ്ഞു.
എന്ത്‌കൊണ്ട് ഞങ്ങള്‍ ഇതൊക്കെ ഫേസ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം, ഇന്ന് ഏറ്റവും ജനാധിപത്യപരമായ ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ വെച്ച് എന്ത്‌കൊണ്ടാണ് ഞങ്ങള്‍ക്ക് അഭിപ്രായം പറഞ്ഞുകൂടാത്തത്. എല്ലാവരും ചോദിക്കേണ്ട ചോദ്യമാണ് ഞങ്ങളും ചോദിച്ചത്. ഇതില്‍ ഡബ്ല്യ.സി.സിയുടെ നിലപാട് കൃത്യമാണെന്നും റിമ കൂട്ടിച്ചേര്‍ത്തു. ഡബ്ലു.സി.സിയുടേത് ഏതെങ്കിലും വ്യക്തിയുടെ തീരുമാനമല്ല, അത് കൂട്ടായി എടുക്കുന്ന തീരുമാനമാണെന്നും അവര്‍ പറഞ്ഞു.
അമ്മയിലെ പുതിയ നേതൃത്വത്തിലല്ല ഞങ്ങളുടെ പ്രതീക്ഷ. കേരളത്തിലെ ജനങ്ങളിലാണെന്നും റിമ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
Read Also : അഭിപ്രായം തുറന്നുപറഞ്ഞതിന് സിനിമാത്തമ്പുരാക്കന്‍മാര്‍ പുറത്തുനിര്‍ത്തിയ തിലകന്‍
നിങ്ങളിപ്പോള്‍ എടുക്കുന്ന നിലപാടിന്റെ പേരില്‍ ഭാവിയില്‍ അവസരം നഷ്ടപ്പെടുമെന്ന് ഭയമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അതില്‍ ഭയമില്ലെന്നും സിനിമ ചില കുത്തകകള്‍ കൈയ്യടക്കിയിരുന്ന കാലം കഴിഞ്ഞെന്നും റിമ പറഞ്ഞു.
എന്നാലും പ്രത്യാഘാതമുണ്ടാകുമെന്നുറപ്പാണ്. എന്തൊക്കെയുണ്ടായാലും ഇ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. എന്ത് ചതിക്കുഴി വന്നാലും അവസാനം വരെ ഞങ്ങള്‍ അവളോടൊപ്പം മാത്രമേ നില്‍ക്കൂ. ഇതൊക്കെ കണ്ടും കേട്ടുമാണ് അവളിരിക്കുന്നത്. അവളുടെ നിലപാട് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നും റിമ കൂട്ടിച്ചേര്‍ത്തു.