| Sunday, 2nd May 2021, 7:58 pm

കുറേ നാളായി അയ്യപ്പന്‍ ഇത് കാത്തിരിക്കുന്നു; ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പരോക്ഷമായി ട്രോളി റിമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പായതിന് പിന്നാലെ ശബരിമല വിഷയത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പരോക്ഷമായി ട്രോളി റിമ കല്ലിങ്കല്‍. ‘ലെ അയ്യപ്പന്‍’ എന്ന എഴുത്തോടെ ജഗതിയുടെ സിനിമയിലെ ഒരു രംഗമാണ് റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുറെ നാളുകളായി ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും റിമ ട്രോളിനൊപ്പം എഴുതി.

തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനമായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും പ്രധാന പ്രചാരണവിഷയമാക്കിയിരുന്നത്. ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ എല്‍.ഡി.എഫ് ശരിയായ നടപടികളല്ല സ്വീകരിച്ചതെന്നും ഇത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ബി.ജെ.പിയും പറഞ്ഞിരുന്നു.

വോട്ടെണ്ണല്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ എല്‍.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. ഇതിന് പിന്നാലെ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാടുകളെ മതേതര കേരളം അംഗീകരിക്കാത്തതിന്റെ തെളിവ് കൂടിയാണ് ഫലമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

ശബരിമലയുള്‍പ്പെട്ട മണ്ഡലമടക്കം പത്തനംതിട്ട ജില്ലയിലെ എല്ലാ സീറ്റിലും എല്‍.ഡി.എഫ് വിജയിച്ചതോടെയാണ് നിരവധി പേര്‍ അയ്യപ്പനെ സൂചിപ്പിക്കുന്ന ട്രോളുകളുമായെത്തിയത്.

‘കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തെരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും. പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ ‘എഡ്യൂക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍’, സംവിധാനയകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

കേരള ജനതയെ സംരക്ഷിച്ചത് ഈ സര്‍ക്കാരാണ് അതുകൊണ്ട് അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രതികരണം.

ഒടുവിലെ കണക്കുകള്‍ പ്രകാരം 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫിന് 41 സീറ്റുകളും ലഭിച്ചു. എന്‍.ഡി.എയ്ക്ക് ഒരൊറ്റ സീറ്റ് പോലും ലഭിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Rima Kallingal trolls BJP and Congress in sabarimala issue after LDF wins in Kerala Election 2021

We use cookies to give you the best possible experience. Learn more