| Sunday, 2nd January 2022, 5:24 pm

ഒരു ബഷീര്‍ കഥാപാത്രമാകുന്നതേ വലിയ കാര്യമാണ്; പുതിയ ചിത്രത്തില്‍ പ്രേതത്തിന്റെ വേഷത്തിലെത്തുമെന്ന് റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് റിമ കല്ലിങ്കല്‍. ഋതുവില്‍ വര്‍ഷയായും നിദ്രയില്‍ അശ്വതിയായും 22 എഫ്.കെയില്‍ ടെസയായും സിനിമാ പ്രേക്ഷകരുടെ മനസില്‍ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളുടെ രൂപത്തില്‍ റിമ സ്‌ക്രീനിലെത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രമായ നീലവെളിച്ചത്തിന്റെ വിശേഷങ്ങള്‍ പറയുകയാണ് റിമ. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

തന്റെ പാര്‍ട്ണര്‍ ആഷിഖ് അബുവിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചത്തില്‍, ഭാര്‍ഗവി എന്ന പ്രേതകഥാപാത്രമാവാനുള്ള തയാറെടുപ്പുകളെക്കുറിച്ചാണ് റിമ പറയുന്നത്.

”ഞാന്‍ ഭാര്‍ഗവിയെയാണ് അവതരിപ്പിക്കുന്നത്. പ്രേതത്തിന്റെ റോള്‍. ബഷീറിന്റെ സൃഷ്ടികളില്‍ ഒന്നിനെ അവതരിപ്പിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറിജിനലി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മിച്ച ഒരു സൃഷ്ടിയെ ഞങ്ങള്‍ വ്യാഖ്യാനിക്കുകയാണ് എന്നത് കൂടുതല്‍ ഊര്‍ജം നല്‍കുന്നുണ്ട്,” റിമ കല്ലിങ്കല്‍ പറഞ്ഞു.

പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് റിമക്കൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്.

1964ലായിരുന്നു നീലവെളിച്ചത്തെ ആധാരമാക്കി പ്രേംനസീര്‍, വിജയനിര്‍മല, മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ. വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം പുറത്തിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rima Kallingal talks about portraying a ghost role in the movie Neelavelicham

We use cookies to give you the best possible experience. Learn more