| Wednesday, 19th June 2019, 11:43 pm

ദളിത് എന്ന നിലയിലും സ്ത്രീയെന്ന നിലയിലും അവര്‍ ഒരുപാട് പ്രശ്‌നങ്ങളോട് പൊരുതുന്നയാളാണ്; വിനായകനെതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി റിമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫോണിലൂടെ മോശമായി സംസാരിച്ചെന്ന് നടന്‍ വിനായകനെതിരായി പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു റിമയുടെ പ്രതികരണം.

‘ഒരു മനുഷ്യനെന്ന നിലയിലും ഒരു സ്ത്രീയെക്കുറിച്ചും ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയിലും ഞാന്‍ ഇതില്‍ പൂര്‍ണ്ണമായും മൃദുലയ്‌ക്കൊപ്പമാണ്. ഇത് മാപ്പര്‍ഹിക്കാത്തതും മര്യാദയില്ലാത്തതുമാണ്. ദലിതനും സ്ത്രീയും എന്ന നിലയില്‍ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളുമായി പൊരുതുന്ന ഒരാളാണ് മൃദുലയെന്നും റിമ പറഞ്ഞു.

അതിന്റെ ആഴം നമ്മള്‍ വിചാരിക്കുന്നതിലും അധികമാണ്. ഡബ്ല്യു.സി.സിയില്‍ ഒരു അംഗമെന്ന നിലയില്‍ ഒരു സ്ത്രീയെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരു നടപടിയെയും ഡബ്ല്യു.സി.സി ശക്തമായി അപലപിക്കുകയും അവളുടെ അഭിമാനത്തെ ഹനിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.’

‘എനിക്ക് ഒന്നും പറയാനില്ല. അവര്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കൂ. എനിക്ക് എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകള്‍
ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ’ എന്നായിരുന്നു സംഭവത്തില്‍ വിനായകന്റെ പ്രതികരണം.

ഫോണിലൂടെ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു.

വിനായകനെതിരെ യുവതി പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം നടന്നത് കല്‍പ്പറ്റയിലായതിനാല്‍ പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറുകയായിരുന്നു. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-മ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കല്‍പ്പറ്റ പൊലീസ് സൈബര്‍ തെളിവുകള്‍ എടുത്തു കഴിയുന്ന പക്ഷം അറസ്റ്റുണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രില്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു മൃദുല പരാതിപ്പെട്ടത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിനായകനെതിരെ ജാതീയാധിക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ദളിത് ആക്ടിവിസ്റ്റ് അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. അതേസമയം വിനായകന്‍ ജാതീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതിനെ അപലപിക്കുന്നെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more