തനിക്കും ആഷിക് അബുവിനും എതിരെ തമിഴ് ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. ആ വാര്‍ത്തകള്‍ കൊടുത്ത എഡിറ്റേഴ്‌സിനെ താന്‍ വിളിച്ചിരുന്നെന്നും നിങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തതെന്ന് ചോദിച്ചിരുന്നുവെന്നും റിമ പറയുന്നു.
ഗായികയുടെ ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അവര്‍ക്ക് എതിരെ കോര്‍ട്ട് ഗാഗ് ഓര്‍ഡറുണ്ടെന്നും മനസിലാക്കിയിട്ടാണ് മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ പിന്‍വലിച്ചതെന്നും നടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കല്‍.
‘ഈ വാര്‍ത്ത മുക്കിയെന്ന് പറയുന്ന വിവാദവും നമ്മള്‍ ചോദ്യം ചെയ്യണമല്ലോ. ഞാന്‍ ഈ വാര്‍ത്തകള്‍ കൊടുത്ത എഡിറ്റേഴ്‌സിനെ വിളിച്ച് നിങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തതെന്ന് ചോദിച്ചിരുന്നു.
ആ വാര്‍ത്തക്ക് ഒരു ബേസുമില്ലെന്ന് മനസിലാക്കുകയും സുചിത്രയെന്ന ആള്‍ ഇതുപോലെയുള്ള ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് എതിരെ കോര്‍ട്ട് ഗാഗ് ഓര്‍ഡര്‍ ഉണ്ടെന്നും മനസിലാക്കിയിട്ടാണ് മീഡിയ ആ വാര്‍ത്തകള്‍ മാറ്റുന്നത്. നമ്മള്‍ ചോദ്യം ചെയ്യുമ്പോഴാണ് മാറ്റുന്നത്.
അതുകൂടെ ഞാന്‍ ഇവിടെ പറയണം. കാരണം ആര്‍ക്കും എന്തും എഴുതാമെന്നല്ലല്ലോ. പ്രത്യേകിച്ച് കേരളത്തിലെ ജേര്‍ണലിസ്റ്റിക് സ്‌പേസില്‍ അത് പാടില്ലല്ലോ. അവര്‍ തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ ചെയ്തിട്ട് വേറെ ഒരു രീതിയിലുമുള്ള തിരിച്ചടിയും ഇല്ലാത്തത് കൊണ്ടാകില്ലേ അവര്‍ ഇത്രയും കാലമായി മുന്നോട്ട് പോയത്.
ഇവിടെ പക്ഷെ കൃത്യമായ തിരിച്ചടി ഉണ്ടായിട്ടുണ്ട്. അത് പുതിയൊരു വഴിത്തിരിവാകട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ എന്നെ വിളിച്ച എല്ലാവരും ഈ സംഭവത്തെ കുറിച്ച് കമന്റ് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ എന്തിനാണ് ആരോ പറയുന്നതിനെ കുറിച്ച് കമന്റ് ചെയ്യുന്നത്. അവരെ എന്തോ വയ്യാത്ത സ്ത്രീ ആയിട്ടാണ് എനിക്ക് ഫീല് ചെയ്തത്.
ഞാന്‍ ഒരു മൂവ്‌മെന്റിന്റെ ഭാഗമായി ഇവിടെ ലൈഫുമായി മുന്നോട്ട് പോകുകയാണ്. ഇവിടെ ഒരു വിഭാഗം മീഡിയ വളരെ ഇന്‍സെന്‍സിറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. അതിന് എല്ലാവരെയും വിളിച്ച് റിപ്ലേ ചെയ്യലല്ലല്ലോ എന്റെ പണി. ഒരു ജേര്‍ണലിസ്റ്റ് എന്നോട് പ്രതികരണം ചോദിച്ചു. ഞാന്‍ അവരോട് ചോദിച്ച ഒരു കാര്യമുണ്ട്.
സുചി ആദ്യം പറയുന്നത് പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്നാണ്. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ചു. പക്ഷെ അത് ആരും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നെ കുറിച്ച് പറയുന്ന ഒരു മിനിട്ട് ഭാഗം മാത്രം എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു ഇവരെല്ലാം.
ഒരു സ്ത്രീയായത് കൊണ്ടും ഇപ്പോള്‍ ഡബ്ല്യൂ.സി.സി. മെമ്പറായത് കൊണ്ടും ഞാന്‍ ഇവിടെ കൃത്യമായ ഒരു മൂവ്‌മെന്റിന്റെ ഭാഗമായി നിന്ന് സത്യം പറയുന്നത് കൊണ്ടും എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നത് കൊണ്ടും കഴിഞ്ഞ ഏഴര വര്‍ഷമായി ഈ പേഴ്‌സണല്‍ അറ്റാക്കും പബ്ലിക് അറ്റാക്കും ഞങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്,’ റിമ കല്ലിങ്കല്‍ പറഞ്ഞു.
സുചിത്രയുടെ അഭിമുഖം കഴിഞ്ഞ ദിവസങ്ങളിലായിരുന്നു വലിയ ചര്‍ച്ചയായത്. ഇതില്‍ നടി റിമ കല്ലിങ്കലിനെതിരെ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു. ആഷിക് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ലഹരി പാര്‍ട്ടി നടത്തി ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചു എന്നായിരുന്നു സുചിത്ര പറഞ്ഞത്.
വിശ്വാസരഹിതവും യുക്തിക്ക് നിരക്കാത്തതുമായ പല കാര്യങ്ങളും സുചിത്ര അതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് കേരള പൊലീസിന്റെ തോല്‍വിയാണെന്നും, മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുതിയ നടന്മാരെ ഒതുക്കാന്‍ വേണ്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും സുചിത്ര പറഞ്ഞിരുന്നു.
ഈ അഭിമുഖത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു വിഭാഗം മീഡിയ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചിലര്‍ പിന്നീട് ഡിലീറ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. അത് പിന്നീട് വലിയ വിവാദത്തിന് കാരണമാകുകയായിരുന്നു.
Content Highlight: Rima Kallingal Says There Is A Reason The Media Retracted The News Of Suchitra’s Allegations