| Thursday, 15th July 2021, 2:20 pm

'അമ്മായിയച്ചന്‍ മരുമകന്‍ പോരെന്നും അളിയന്‍ പോരെന്നും നമ്മള്‍ കേള്‍ക്കുന്നില്ല'; സമൂഹത്തിലെ ആണധികാരത്തെക്കുറിച്ച് റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് വീണ്ടും തുറന്നുപറയുകയാണ് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ഒരിക്കലും ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ പറയുന്നു.

അമ്മായിയമ്മ മരുമകള്‍ പോര്, നാത്തൂന്‍ പോര് എന്നെല്ലാം പറയുന്നതുപോലെ അമ്മായിയച്ചന്‍ മരുമകന്‍ പോരെന്നും അളിയന്‍ പോരെന്നും നമ്മള്‍ കേള്‍ക്കുന്നില്ലല്ലോ എന്നും റിമ ചൂണ്ടിക്കാട്ടുന്നു.

‘ഇവിടെ വളരെ കൃത്യമായ ഒരു പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിന്റെ ഉള്ളില്‍ സ്ത്രീകളെ സ്ത്രീകള്‍ക്ക് എതിരെ തിരിക്കാനുള്ള ശ്രമമുണ്ട്. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പറച്ചില്‍ മാത്രമാണത്. ആണധികാരത്തിന്റെ ഘടനയില്‍ മുന്നോട്ട് പോകുന്ന ഈ സിസ്റ്റത്തില്‍ പുരുഷനെ നടുക്ക് നിര്‍ത്തി അവര്‍ക്ക് ചുറ്റും സാമ്പത്തികമായി അവരെ ആശ്രയിക്കുന്ന സ്ത്രീകളെ ഉണ്ടാക്കുന്നു. സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. എങ്കില്‍ അവര്‍ ഇതില്‍ നിന്നെല്ലാം കുതറിമാറും,’ റിമ പറഞ്ഞു.

ലളിതമായി നടത്തിയ തന്റെ വിവാഹത്തെക്കുറിച്ചും അഭിമുഖത്തില്‍ റിമ മനസ്സുതുറന്നു. മതം തന്റെ കണ്‍സേണ്‍ ആയിരുന്നില്ലെന്നും സ്വര്‍ണ്ണം രക്ഷിതാക്കള്‍ക്ക് ഭാരമാവും എന്നുള്ള ചിന്ത നേരത്തേ തന്നെ തനിക്കുണ്ടായിരുന്നുവെന്നുമാണ് റിമ പറഞ്ഞത്.

‘പതിനെട്ടോ പത്തൊന്‍മ്പതോ വയസ്സുള്ളപ്പോഴാണ് ഞാന്‍ പണം സമ്പാദിച്ച് തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത ഒപ്പമുണ്ട്. കല്ല്യാണത്തിലും അങ്ങനെ ആവണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു,’ റിമ പറയുന്നു.

വേണ്ടതെല്ലാം അച്ഛനും അമ്മയും തന്നിരുന്നുവെന്നും അവരെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും തനിക്കുണ്ടായിരുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rima Kallingal says about Patriarchal system

We use cookies to give you the best possible experience. Learn more