നൂറോ ഇരുന്നൂറോ പേരുള്ള സെറ്റിനെ കൈകാര്യം ചെയ്യാനാവുമോ എന്നറിയില്ല, പക്ഷേ ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ട്; സ്വന്തമായി സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് റിമ
അഭിനയത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് റിമ കല്ലിങ്കല്‍. ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് റിമ.
പെട്ടന്നു തന്നെ അത് സംഭവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറയുന്നു. കൊവിഡ് കാലത്ത് കുറച്ച് എഴുത്തുപരിപാടികള്‍ താന്‍ ചെയ്തിരുന്നുവെന്നും റിമ പറയുന്നു.
‘കൊവിഡ് കാലത്ത് ചിലത് എഴുതുകയും അത് ക്യാമറയിലെടുക്കുകയും ചെയ്തിരുന്നു. എഴുതുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് സ്വയം മനസ്സിലായിരുന്നു. സിനിമ ചെയ്യുമ്പോള്‍ നൂറോ ഇരുന്നൂറോ പേരുള്ള ഒരു സെറ്റിനെ കൈകാര്യം ചെയ്യാനാവുമോ എന്നെനിക്കറിയില്ല. കാരണം ഞാന്‍ കുറച്ച് ഇന്‍ട്രോവേര്‍ട്ട് ആണ്. പക്ഷേ എഴുത്ത് എനിക്ക് ഇഷ്ടമാണ്. ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്,’ റിമ പറഞ്ഞു.
കൊവിഡ് കാലത്ത് തനിക്ക് തിയേറ്ററുകള്‍ നന്നായി മിസ്സ് ചെയ്യുന്നുണ്ടെന്നും അഭിമുഖത്തില്‍ റിമ പറയുന്നു.
തിയേറ്ററുകള്‍ തുറക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും തിയേറ്ററില്‍ പോയി പടം കാണുന്നത് വേറെത്തന്നെ ഒരു അനുഭവമാണെന്നുമാണ് നടി പറയുന്നത്.
‘ഒ.ടി.ടിയാണെങ്കില്‍ ആരെങ്കിലും വന്നാലൊക്കെ നമുക്ക് പെട്ടെന്ന് പോസ് ചെയ്യാം. എന്നാല്‍ തിയേറ്ററില്‍ പോയി പടം കാണുന്നത് അതുപോലെ അല്ലല്ലോ. ഡ്രെസ്സ് ചെയ്ത്, വണ്ടിയോടിച്ച് പോയി, ക്യൂ നിന്ന്, പോപ്‌കോണ്‍ മേടിച്ച്, സീറ്റൊക്കെ പിടിച്ച്, ചില കോമഡി പരസ്യങ്ങളൊക്കെ കണ്ട് പടം കാണുന്നത് വലിയ പേഴ്സണല്‍ എക്സ്പീരിയന്‍സ് ആണ്. അത് തിരികെ വേണം,’ റിമ പറയുന്നു.
ലോകം മുഴുവനുള്ള ആളുകള്‍ക്ക് സിനിമ കാണാന്‍ പറ്റുന്നത് ഒ.ടി.ടി. നല്‍കുന്ന വലിയ സൗകര്യമാണെന്നും ഒ.ടി.ടിയില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കാലത്ത് ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു.