Film News
തെങ്ങില്‍ കയറുന്ന റിമ: തിയറ്ററുമായി സജിന്‍ ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 27, 01:05 pm
Monday, 27th May 2024, 6:35 pm

അന്താരാഷ്ട്ര- ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ബിരായാണിക്കു ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബുവിന്റെ പുതിയ സിനിമ. തിയറ്റര്‍- ദി മിത്ത് ഓഫ് റിയാലിറ്റി, എന്നു പേരിട്ട സിനിമ നിര്‍മിക്കുന്നത്. അന്‍ജന- വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേര്‍ന്നാണ്.

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അന്‍ജന- വാര്‍സ് നിര്‍മിക്കുന്ന സിനിമയാണിത്. ചിത്രീകരണം വര്‍ക്കലയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകര്‍ത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

”ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”- സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞു.

”വൈറല്‍ യുഗത്തിന്റെ കഥയാണിത്. തിയറ്റര്‍ എന്ന സിനിമ തിയറ്ററുകളിലൂടെ ജനങ്ങളില്‍ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകള്‍ ലോകോത്തര ഫെസ്റ്റിവെല്‍ വേദികളില്‍ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”- നിര്‍മാതാവ് അന്‍ജന ഫിലിപ്പ് പറഞ്ഞു.

”അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് തിയറ്റര്‍ സിനിമ കണ്ടെത്തി അവതരിപ്പിക്കുന്നത്. നടന്ന ഒട്ടേറെ സംഭവങ്ങളുമായി സാമ്യം തോന്നുന്നതാണ് പ്രമേയം”- നിര്‍മാതാവ് വി.എ ശ്രീകുമാര്‍ പറഞ്ഞു.

കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സംസ്ഥാന പുര്‌സ്‌ക്കാരം, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു.
ലോകത്തെമ്പാടുമായി നൂറ്റിയന്‍പതലധികം ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ സംവിധാനത്തിന് ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നാല്‍പ്പത്തഞ്ചിലേറെ പുരസ്‌ക്കാരങ്ങള്‍ നേടി. ബിരിയാണിക്കു ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയായ ‘തിയറ്റര്‍’, തിയറ്റര്‍ റിലീസിലൂടെയാണ് പ്രേക്ഷകരില്‍ എത്തുന്നത്.

സരസ ബാലുശ്ശേരി, ഡൈന്‍ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.

ക്യാമറ: ശ്യാമപ്രകാശ് എം എസ്, എഡിറ്റിങ്: അപ്പു എന്‍ ഭട്ടതിരി, സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍, മ്യൂസിക്: സയീദ് അബ്ബാസ്, ആര്‍ട്ട്: സജി ജോസഫ്, കോസ്റ്റ്യും: ഗായത്രി കിഷോര്‍, വിഎഫ്എക്‌സ്: പ്രശാന്ത് കെ നായര്‍, പ്രോസ്‌തെറ്റിക് & മേക്കപ്പ്: സേതു ശിവാനന്ദന്‍- ആശ് അഷ്‌റഫ്, ലൈന്‍ പ്രൊഡ്യൂസര്‍: സുഭാഷ് ഉണ്ണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അജിത്ത് സാഗര്‍, ഡിസൈന്‍: പുഷ്360

നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അസ്തമയം വരെ (Unto the Dusk), അയാള്‍ ശശി തുടങ്ങിയ സിനിമകളും സജിന്‍ ബാബു രചിച്ച് സംവിധാനം ചെയ്തതാണ്.

Content Highlight: Rima Kallingal’s new movie theatre first look poster out