| Tuesday, 10th May 2022, 10:38 pm

'ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ'യെന്ന് കമന്റ്; പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്മെന്റ് ഇട്ടിരുന്നോ എന്ന് റിമയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ നടി റിമ കല്ലിങ്കലിനോടുള്ള ചോദ്യവും അതിന് താരം നല്‍കിയ മറുപടിയും ചര്‍ച്ചയാകുന്നു.

റിമ ഒരു യാത്രയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചുള്ളതിന് വന്ന കമന്റിനാണ് റിമ മറുപടി നല്‍കിയത്. ‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി റിമ എത്തി. ‘ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്മെന്റ് ഇട്ടിരുന്നോ’ എന്നായിരുന്നു റിമയുടെ മറുപടി.

അതേസമയം, വിഷയത്തില്‍ അബ്ദുള്ളമുസ്‌ലിയാരെ പിന്തുണച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്തെത്തി. എം.ടി. ഉസ്താദിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമോഫോബിക് കണ്ടന്റായി സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗീയ സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നവാസിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്‌ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയുമായിരുന്നു.’ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം.

പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.’ എന്ന് അബ്ദുള്ള മുസ്‌ലിയാര്‍ സംഘാടകരോട് കയര്‍ത്തുകൊണ്ട് ചോദിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സമസസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്‌ലിയാര്‍.

Content Highlights: Rima Kallingal replay in Instagram post in mt abdulla musliyar issue
We use cookies to give you the best possible experience. Learn more