| Saturday, 11th July 2020, 2:01 pm

വിധുവിന് ഡബ്ല്യു.സി.സി വിട്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല; ആരുടെയെങ്കിലുമൊപ്പം വര്‍ക്ക് ചെയ്യരുതെന്നത് സംഘടനാ നയമല്ല: റിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഡബ്ല്യു.സി.സിയില്‍ നിന്നും വിധു വിന്‍സെന്റ് രാജിവെച്ച വിഷയത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ഒരു വ്യക്തിയെന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും ഒരു ഫെമിനിസ്റ്റ് എന്ന നിലയിലും വിധുവിന് ഡബ്ല്യു.സി.സിയില്‍ നിന്ന് വിട്ടുപോകാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ട്രൂ കോപ്പി തിങ്കിന് വേണ്ടി മനില സി മോഹന്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.

ഡബ്ല്യു.സി.സിയെ ബില്‍ഡ് ചെയ്തതില്‍ വിധുവിന്റെ കോണ്‍ട്രിബ്യൂഷന്‍ ഒരിക്കലും മായ്ച്ച് കളയാന്‍ പറ്റില്ലെന്നും ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്തുനിന്നു കൂടിയാണ് വിധു ഇപ്പോള്‍ സംസാരിക്കുന്നത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും റിമ പറഞ്ഞു.

വിധുവിനോട് ആരുടെയെങ്കിലുമൊപ്പം വര്‍ക്ക് ചെയ്യരുത് എന്ന് തങ്ങള്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഉണ്ടാക്കിയെടുക്കുന്ന നരേറ്റീവുകളെല്ലാം തെറ്റാണെന്നും അതെല്ലാം കളവാണെന്നും റിമ പറയുന്നു.

‘ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും ആരുടെ കൂടെയും വര്‍ക്ക് ചെയ്യാം. അത്ര ചെറിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. വിധുവിന് അവരുടെ പ്രൊഡ്യൂസര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ചോയ്‌സിനെ ഡബ്ല്യു.സി.സി ചോദ്യം ചെയ്തു എന്ന ആരോപണം തെറ്റാണ്. എന്നാല്‍ സ്റ്റാന്റപ്പിന്റെ പോസ്റ്ററില്‍ അദ്ദേഹത്തിന്റെ പേര് കണ്ടപ്പോള്‍ അകത്തു നിന്നും പുറത്തു നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഞങ്ങള്‍ക്ക് വിധുവിന്റെ വേര്‍ഷന്‍ അറിയണമായിരുന്നു. അത് സംഘടനയ്ക്കുള്ള വിശദീകരണം എന്ന നിലയിലല്ല. കൂടെ പ്രവര്‍ത്തിച്ച, എന്ത് വില കൊടുത്തും അവര്‍ വിജയിക്കണം എന്ന് ആഗ്രഹിച്ച സ്ത്രീകള്‍ എന്ന നിലയിലാണ്.’, റിമ പറഞ്ഞു.

ഉയരെ എന്ന പടത്തില്‍ സിദ്ദിഖിനൊപ്പം പാര്‍വ്വതി എങ്ങനെയാണ് അഭിനയിച്ചതെന്നും അപ്പോള്‍ തോന്നാത്ത കോണ്‍ഫ്ളിക്ട് എന്തുകൊണ്ടാണ് ഇപ്പോള്‍ തോന്നുന്നത് എന്ന വാദമായിരുന്നല്ലോ വിധു ഉന്നയിച്ചത് എന്ന ചോദ്യത്തിന്, അങ്ങനെ പാര്‍വതിയും സിദ്ദിഖും ഒരുമിച്ച് അഭിനയിക്കാന്‍ പാടില്ല എന്ന് ഡബ്ല്യു.സി.സി പാര്‍വതിയോട് പറഞ്ഞിട്ടില്ലെന്നും വിധുവിനോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായിരുന്നു റിമയുടെ മറുപടി.

‘ഒരിക്കലും ഡബ്ല്യു.സി.സി അങ്ങനെ പറയില്ല. വരിസംഖ്യയോ മെമ്പര്‍ഷിപ്പ് ഫീയോ ഒന്നുമില്ലാത്ത ഒരു കളക്ടീവ് മാത്രമാണ് ഡബ്ല്യു.സി.സി. എന്നാല്‍ പോലും ഒരു സംഘടനയുടെ ഭാഗമാകുമ്പോള്‍ അതിലെ ഓരോരുത്തരെയും എംപവര്‍ ചെയ്യണം. അതില്‍നിന്ന് എന്തെങ്കിലും ബെനിഫിറ്റ് ഉണ്ടാവണം. അതില്‍ നിന്ന് അറ്റ്ലീസ്റ്റ് എന്തെങ്കിലും സൊളേസ്‌ എങ്കിലും ഉണ്ടാകണം. അല്ലാതെ ഒരാളുടെ പണി കളയാനോ, അയാള്‍ അവിടെ പോകരുത്, ഇവിടെ പോകരുത് എന്ന് പറയാനോ ആയിരിക്കരുത്. സംഘടനകൊണ്ടെന്തെങ്കിലും ഗുണം ഉണ്ടാകേണ്ടേ. അല്ലാതെ പിന്നെ എന്തിനാണ്! WCC has never raised such a mandate at any point to any of its member. So this is extremely shocking to hear from Vidhu that she felt interrogated’ എന്നായിരുന്നു റിമയുടെ മറുപടി.

വിധുവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അഞ്ജലിയാണെങ്കിലും പാര്‍വ്വതിയാണെങ്കിലും എല്ലാവരും വിധുവിനെ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും റിമ പറഞ്ഞു. ‘പോയാല്‍ പൊക്കോട്ടേയെന്ന് വിചാരിക്കാന്‍ പറ്റുന്നയാളല്ല വിധു. ഞങ്ങള്‍ക്ക് അത്രയും ഇമ്പോര്‍ട്ടന്റായിരുന്നു ആ സിസ്റ്റര്‍ഹുഡ്. നമ്മള്‍ ഒരിക്കലും എക്സ്പീരിയന്‍സ് ചെയ്യാത്ത ഒരു സിസ്റ്റര്‍ഹുഡായിരുന്നു അത്. അത് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമം. വ്യക്തിയല്ല സംഘടന എന്ന് പറയുമ്പോഴും ഇതെനിക്ക് പേഴ്‌സണലുമാണ്. വിധു റസിഗ്‌നേഷന്‍ അയച്ച സമയത്ത് ഞാന്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്, ഇനിയും സംസാരിക്കും. വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും ഡബ്ല്യു.സി.സി വിട്ട് പോകാന്‍ പറ്റും എന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല.’ റിമ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more