തന്റെ അമ്മയ്ക്ക് നേടാൻ കഴിയാത്തതൊക്കെ താൻ നേടിക്കൊണ്ടിരിക്കുകയാണെന്ന് നടി റിമ കല്ലിങ്കൽ. അമ്മമാർ അവരുടെ കുടുംബത്തിന് വേണ്ടി മാത്രം നിലകൊണ്ടുപോയെന്നും താൻ അതുപോലെയാകാൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ അമ്മ ജീവിതത്തിൽ സന്തോഷവതിയാണോ എന്നും ശരിക്കും ജീവിച്ചോയെന്നും എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്. നമ്മുടെ അമ്മമാർക്ക് മുൻപേയുള്ള തലമുറയാണ് അവരെക്കാൾ വളരെ സ്ട്രോങ്ങ് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അവർ വളരെ ധൈര്യമുള്ളവരും കുടുംബത്തെ ഭരിക്കാനുള്ള കഴിവുള്ളവരുമാണ്. പക്ഷെ അവർക്ക് ശേഷം വന്ന നമ്മുടെ അമ്മമാരുടെ തലമുറ തികച്ചും വ്യത്യസ്തരാണ്. അവർ ജീവിക്കാൻ മറന്നപോലെ തോന്നിയിട്ടുണ്ട്. അവർ സ്വന്തം കുട്ടികളിലേക്കും കുടുംബത്തിലേക്കും ഒതുങ്ങി പോയി. അത് ഇപ്പോഴത്തെ തലമുറയും പിന്തുടരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്,’ താരം പറഞ്ഞു.
അമ്മമാർക്കും യാത്രകൾ ചെയ്യാൻ ആഗ്രഹങ്ങൾ ഉണ്ടാകുമെന്നും, താൻ തന്റെ ആഗ്രഹങ്ങളൊക്കെ നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും റിമ കൂട്ടിച്ചേർത്തു.
‘എനിക്ക് അമ്മയുടെ തലമുറ പിന്തുടർന്ന ആ തെറ്റുകൾ ആവർത്തിക്കാൻ താല്പര്യമില്ല. ത്രിശൂർ പൂരത്തിന് എല്ലാവരും ഞങ്ങളുടെ വീട്ടിലേക്ക് വരും. അമ്മ എപ്പോഴും അടുക്കളയിൽ നിൽക്കുന്നതാണ് എനിക്ക് ഓർമ വരുന്നത്. സ്ത്രീകൾ എല്ലാവരും പാചകം ചെയ്യുകയായിരിക്കും. മറ്റുള്ളവരൊക്കെ എൻജോയ് ചെയ്തുകൊണ്ടിരിക്കുകയിരിക്കും. ഇതിനെപ്പറ്റി ചോദിച്ചാൽ അവർ അതൊക്കെ സന്തോഷത്തോടെയാണ് ചെയ്തിരുന്നതെന്ന് പറയും. പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് അവർ അങ്ങനെ പറയരുതെന്നാണ്. കാരണം അവർക്കും എല്ലാം എൻജോയ് ചെയ്യണ്ടേ. അവർക്കും യാത്രകൾ ഒക്കെ വേണ്ടേ. ഞാൻ ഇപ്പോൾ എന്റെ ഇഷ്ടം പോലെയാണ് ജീവിക്കുന്നത്. എന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ നേടിക്കൊണ്ടിരിക്കുകയാണ്. അതൊന്നും എന്റെ അമ്മക്ക് ചെയ്യാൻ പറ്റിയെന്ന് എനിക്ക് തോന്നുന്നില്ല,’ റിമ പറഞ്ഞു.