നികുതിപ്പണം ചെലവാക്കി രൂപീകരിച്ചതാണ് ഹേമാ കമ്മീഷന്‍; റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്; ചോദ്യമാവര്‍ത്തിച്ച് റിമ കല്ലിങ്കല്‍
Movie Day
നികുതിപ്പണം ചെലവാക്കി രൂപീകരിച്ചതാണ് ഹേമാ കമ്മീഷന്‍; റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്; ചോദ്യമാവര്‍ത്തിച്ച് റിമ കല്ലിങ്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st April 2022, 7:17 pm

കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രൂപീകരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കി.

‘ഞങ്ങള്‍ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചത്.സിനിമയില്‍ ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതില്‍ അഭിമാനമുണ്ട്

സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണത്. നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്,’ റിമ കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ലൂസിഫര്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ സെറ്റ് വിസിറ്റ് ചെയ്തിരുന്നു, എന്നോട് സംസാരിച്ചിരുന്നു. എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല. അതിന്റെ അധികാരം ആര്‍ക്കാണ് എന്ന് എനിക്ക് അറിയില്ല. എന്റെ ആഗ്രഹം ആ എക്സസൈസിന്റെ, ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ്,’ പൃഥ്വിരാജ് വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും വീണുടയുമെന്നാണ് നടി പാര്‍വതി തിരുവോത്ത് പറഞ്ഞത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.സിനിമാ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയപ്പോള്‍ അവസരം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും ആഭ്യന്തര പരാതി പരിഹാര സെല്ലിനെതിരെ പ്രവര്‍ത്തിച്ചത് സിനിമാ മേഖലയിലെ കരുത്തരാണെന്നും പാര്‍വതി പറഞ്ഞു. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.