കൊച്ചി: ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെച്ച സംവിധായിക വിധു വിന്‍സെന്റുമായി കൂടിക്കാഴ്ച അടുത്തു തന്നെയുണ്ടാവുമെന്ന് നടി റിമ കല്ലിങ്കല്‍. ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്‌നങ്ങളില്ലെന്നും റിമ വ്യക്തമാക്കി.
ഗൃഹലക്ഷ്മി ആഴ്ചപതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റിമ ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത്. മൂന്നു വര്‍ഷം മാത്രം പ്രായമുള്ള സംഘടനയാണിത്. ആദ്യമായിട്ടാണ് സിനിമ മേഖലയില്‍ ജെന്റര്‍ അടിസ്ഥാനത്തില്‍ ഒരു സംഘടനയുണ്ടാവുന്നത്. ഞങ്ങള്‍ക്കുവേണ്ടി ഒരു പുതിയ പാത വെട്ടിയുണ്ടാക്കുകയാണിവിടെ എന്നും റിമ പറഞ്ഞു.
അതിലൊരുപാട് ആശയക്കുഴപ്പങ്ങളുണ്ടാവാം. സംവാദങ്ങളും ചര്‍ച്ചയുമുണ്ടാവും. അതില്‍ നിന്നാണ് പഠിക്കുന്നത്. ഇതൊരു സംഭവമൊന്നുമല്ല. എത്രയോ പ്രസ്ഥാനങ്ങള്‍ വേറെയുണ്ട്. ഇവിടെമാത്രം സ്ത്രീകള്‍ തല്ലുകൂടുന്നു എന്ന് പറയാനായിട്ട് എന്തോ ആള്‍ക്കാര്‍ക്കൊരു താത്പര്യമുണ്ട്. അത് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു.
വിധുവിന് വിഷമമുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ അവരുമായി സംസാരിക്കാനും സഹായിക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്നങ്ങളില്ല. പരസ്പരം ഒന്നിച്ചിരുന്ന് സംസാരിക്കുന്ന അടുപ്പവും ഊഷ്മളതയും ഫോണിലൂടെയോ സ്‌ക്രീനിലൂടെയോ കിട്ടില്ല. അങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ലെന്നതാണ് ഞങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നം. വളരെ ചുരുക്കം ആളുകളോടേ നമുക്കൊരു ആത്മബന്ധം തോന്നുള്ളൂ. അവരെയൊന്നും നമ്മള്‍ കൈവിട്ട് കളയരുത്. കൂടിക്കാഴ്ചയ്ക്കുള്ള വാതില്‍ തുറന്നിരിക്കുകയാണെന്നും റിമ പറഞ്ഞു.