ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി നടി റിമ കല്ലിങ്കൽ. വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണത്തിനെതിരെയാണ് റീമ കല്ലിങ്കൽ നിയമപരമായ മുന്നോട്ട് പോവാൻ തീരുമാനിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താൻ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കാൻ പോവുകയാണെന്ന് റിമ പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സുചിത്ര നടത്തിയ തെറ്റായ ആരോപണങ്ങളെ റിമ കല്ലിങ്കൽ തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെറ്റായ കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ ചോദ്യം ചോദിക്കേണ്ടി വരുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ താൻ പരാതി സമർപ്പിക്കുന്നതായും റിമ കല്ലിങ്കൽ തന്റെ പോസ്റ്റിൽ പറഞ്ഞു.
‘നിങ്ങളില്‍ ഒരുപാട് പേര്‍ ഡബ്ല്യൂ.സി.സിയ്ക്ക് പിന്തുണയുമായി വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നു. ഈ പിന്തുണയും വിശ്വസവുമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2017ലെ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ പോലുള്ള നടൻമാരുടെ കരിയർ തകർക്കാൻ ശ്രമിക്കുന്നുവെന്നും പറയുന്നുണ്ട്. ഹേമാ കമ്മിറ്റി എങ്ങനെയുണ്ടായെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അങ്ങനെയല്ല എന്ന് പറയുമ്പോൾ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും.
അവരുടെ വെളിപ്പെടുത്തലുകൾ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകളിൽ ഇടം നേടിയില്ല. എന്നാൽ എൻ്റെ അറസ്റ്റിനെക്കുറിച്ച് അവർ ഒരു വാർത്ത വായിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്‌താവന ശ്രദ്ധനേടിയിട്ടുണ്ട്. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ. സംഭവത്തിൽ ഞാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.
ഞങ്ങളുടെ ലക്ഷ്യത്തിനായി വിശ്വസിച്ച് കൂടെ നിൽക്കുന്നവരോട്, നമുക്ക് ഒന്നിച്ച് മുന്നോട്ട് പോവാം, പിന്തുണയ്ക്ക് നന്ദി,’റിമ കല്ലിങ്കൽ പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നാടകീയമായ സംഭവങ്ങളാണ് മലയാള സിനിമയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. കൂടുതൽ വെളിപ്പെടുത്തലുമായി വിവിധ ഭാഷകളിലെ നടിമാരടക്കം മുന്നോട്ട് വന്നു കൊണ്ടിരിക്കുകയാണ്. ആരോപണ വിധേയരായ നടന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Content Highlight: Rima Kallingal Against Singer Suchithra