'കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍ കുറ്റക്കാരനല്ല, കുറ്റക്കാരിയാവുന്നത് സ്ത്രീ' ഇന്നസെന്റിനെ വിമര്‍ശിച്ച് റിമ കല്ലിങ്കല്‍
Movie Day
'കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍ കുറ്റക്കാരനല്ല, കുറ്റക്കാരിയാവുന്നത് സ്ത്രീ' ഇന്നസെന്റിനെ വിമര്‍ശിച്ച് റിമ കല്ലിങ്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th July 2017, 7:44 am

കൊച്ചി: നടിമാര്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിട്ടെന്നു വരുമെന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പരാമര്‍ശത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി നടി റിമാ കല്ലിങ്കല്‍. ജോലി അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനും എന്നാല്‍ അതിന് കുറ്റക്കാരിയാവേണ്ടിവരുന്നത് സ്ത്രീയും എന്നാണ് റിമയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് റിമയുടെ പ്രതികരണം.

സ്വന്തം അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നത് നിങ്ങള്‍ക്കുള്ള വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നതുകൊണ്ടാണ്.

നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുമ്പോഴും എവിടെ നിന്നു തുടങ്ങണമെന്നറിയുന്നില്ല. പക്ഷെ ഇതെല്ലാം ഒരുകാലം മാറുമെന്നും മാറ്റുമെന്നും റിമ പറയുന്നു.


Must Read: മരിച്ച ഭര്‍ത്താവ് തിരിച്ചുവരുമെന്ന് കരുതി ഭാര്യയും മക്കളും മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് മാസത്തോളം; സംഭവം മലപ്പുറത്ത്


സിനിമയിലെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിനിടെ ഇന്നസെന്റ് പറഞ്ഞ കാര്യങ്ങള്‍ക്കുള്ള പരോക്ഷവിമര്‍ശനം എന്ന രീതിയിലാണ് റിമയുടെ പോസ്റ്റ്.

” ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. മനസിലായിട്ടുണ്ടോ? ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അതൊക്കെ… അങ്ങനെയൊരു സംഭവമേയില്ല. പിന്നെ, അവര് മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ പോണത്” എന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.

സിനിമ ലൈംഗികപീഡന വിമുക്ത മേഖലയാണെന്ന ഇന്നസെന്റിന്റെ അവകാശവാദം വിമന്‍ ഇന്‍ സിനിമ കലക്ടീവ് നേരത്തെ തന്നെ തള്ളിയിരുന്നു.