| Thursday, 22nd July 2021, 2:06 pm

ഈ ഒരൊറ്റ കാര്യം എന്റെ ജീവിതത്തിന്റെ അവസാനം വരെ മാറില്ല, അതാണ് അതുതന്നെ ആദ്യ ടാറ്റു കുത്തിയത്: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫെമിനിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് നടി റിമ കല്ലിങ്കല്‍. ജീവിതത്തിന്റെ അവസാനം വരെയും ഫെമിനിസത്തിലെ തന്റെ നിലപാട് മാറില്ലെന്ന് നൂറ് ശതമാനവും ഉറപ്പാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് റിമ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിനിടയില്‍ പ്രേക്ഷകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റിമ.

റിമയുടെ ടാറ്റുവിനെ കുറിച്ചായിരുന്നു ഒരു ചോദ്യം. ‘We are the daughters of the witches you couldn’t burn’ ( നിങ്ങള്‍ക്ക് എരിച്ചുതീര്‍ക്കാനാകാതിരുന്ന ദുര്‍മന്ത്രവാദിനികളുടെ കൊച്ചുമക്കളായ പെണ്‍കുട്ടികളാണ് ഞങ്ങള്‍) എന്ന ടാറ്റൂവിനെ കുറിച്ചായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് ഫെമിനിസത്തെ കുറിച്ച് റിമ സംസാരിച്ചത്.

‘എന്റെ ജീവിതത്തില്‍ ഒരിക്കലും മാറില്ലെന്ന് എനിക്ക് ഉറപ്പുള്ള കാര്യമാണ് എന്റെ ഫെമിനിസം നിലപാട്. അതുകൊണ്ട് തന്നെ അതായിരിക്കണം ആദ്യ ടാറ്റൂ ആയി വരേണ്ടത് എന്നെനിക്ക് തോന്നി,’ റിമ പറയുന്നു.

റിമ കല്ലിങ്കല്‍ അഹങ്കാരിയാണോ എന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. ‘അതെ ഞാന്‍ അഹങ്കാരിയാണ് എന്ന ഡയലോഗ് പൃഥ്വിരാജ് പറഞ്ഞ് എല്ലാവരും കേട്ടതാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം?

സ്വന്തം മൂല്യം എത്രത്തോളമാണെന്ന് അറിയുന്നവരുണ്ട്. അത് വലിയ വിജയത്തില്‍ നിന്നൊന്നും വരുന്നതല്ല, നിങ്ങള്‍ക്ക് നിങ്ങളില്‍ ഒരു വിശ്വാസമുണ്ട്. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നാലും മുന്നേറാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്്, അതൊക്കെയാണ് കാര്യങ്ങള്‍.

അത്തരത്തില്‍ ജീവിതത്തെ നേരിടാനും മുന്നോട്ടുപോകാനും കഴിയുമെന്ന ഒരു വിശ്വാസം എനിക്കുണ്ട്. അങ്ങനെയൊക്കെ ആകുമ്പോള്‍ എന്നെ വേണമെങ്കില്‍ അഹങ്കാരി എന്നൊക്കെ പറയാം,’ റിമ കല്ലിങ്കല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rima Kallingal about her feminism stand and tattoo

We use cookies to give you the best possible experience. Learn more