സിനിമയിലെ ആണുങ്ങളോട് കളിച്ചതിന്റെ പേരില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുന്നു: റിമ കല്ലിങ്കല്‍
Daily News
സിനിമയിലെ ആണുങ്ങളോട് കളിച്ചതിന്റെ പേരില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുന്നു: റിമ കല്ലിങ്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th June 2017, 6:05 pm

 

കൊച്ചി: സമകാലിന വിഷയങ്ങളോട് പ്രതികരിക്കുന്ന നടിമാര്‍ക്ക് സിനിമാ മേഖലയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന് ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിക്കുന്നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് വിലക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞത്.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ റിമയുടെ ബോള്‍ഡ് റിയാക്ഷന്‍ ആരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് താന്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ അത് വേണോയെന്ന് പലരും ചോദിച്ചിരുന്നെന്ന് താരം പറഞ്ഞു.


Also read അരുണാചല്‍ പ്രദേശില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു; അബദ്ധം പറ്റിയതെന്ന് സൈന്യം


തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം രണ്ടു തവണയാണ് തന്നെ ബാന്‍ ചെയ്തതെന്നും വ്യക്തമാക്കി. “രണ്ടു തവണ ബാന്‍ ചെയ്തിട്ടുണ്ട് എന്നെ. ആദ്യം ടി വി ഷോ ചെയ്യുന്നു എന്നും പറഞ്ഞ്. ഒരു കാരവന്‍ ചോദിച്ചതിന് ഭയങ്കര ഇഷ്യു ഉണ്ടായിട്ടുണ്ട് ഒരിക്കല്‍.” താരം പറഞ്ഞു.


Dont miss ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇടപെട്ടതിന്റെ പേരില്‍ തന്നെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായി: കെ. അജിത


“അതിന്റെ കാര്യം പറയാം. ഹീറോയെയും ഹീറോയിനെയും രണ്ടു സമയത്താണ് ഷോട്ടിന് വിളിക്കുക. നമ്മള്‍ എത്തിക്കഴിഞ്ഞിട്ടേ ഹീറോയെ വിളിക്കൂ. ഞാന്‍ അതിനെ ചോദ്യം ചെയ്തു. അപ്പോ തിരിച്ചൊരു ചോദ്യം, “നിനക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ട്യപ്പോ മുതല് എന്താ ഒരു മാറ്റം?” നമുക്കുള്ള സ്‌പേസ് തരാത്തതിനെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അത് എനിക്ക് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. എന്നെ ഒതുക്കിയിട്ടുമുണ്ട്.” റിമ പറയുന്നു.

അക്രമിക്കപ്പെട്ടപ്പോള്‍ യുവ നടി കാണിച്ച ധൈര്യം കൊണ്ടാണ് അവള്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്നും “അവള്‍ ശരിക്കും ഹീറോയാണെന്നും റിമ പറഞ്ഞു. “ആ കാണിച്ച ധൈര്യംകൊണ്ടാണ് അവള്‍ ഇന്നും ജീവിക്കുന്നത്. കണ്ടു പഠിക്കണം അവളെ. അതിനു പകരം അയ്യോ..നമ്മുടെ കുട്ടി..നമ്മുടെ കുട്ടി എന്നുള്ള പറച്ചില്‍”.