| Friday, 8th May 2015, 5:52 pm

കാലടി ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനികളുടെ റിലേ നിരാഹാര സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സത്യാഗ്രഹമിരുന്ന വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

കാലടി: വനിതാ ഹോസ്റ്റലില്‍ അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കാതെ മുറികള്‍ അടച്ചിട്ടതിനെതിരെ പ്രതിഷേധിച്ച ഗവേഷക വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥിനികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ റിലേ നിരാഹാരസമരത്തില്‍

റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച വൈകുന്നേരം മുതലാണ് റിലേ നിരാഹാര സമരം ആരംഭിച്ചത്. അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ വന്‍തുക കൊടുത്ത് പുറത്ത് താമസിക്കേണ്ട അവസ്ഥയുണ്ടായിട്ടും ഹോസ്റ്റലില്‍ ആറോളം മുറികള്‍ അടച്ചിട്ട അതികൃതരുടെ നടപടിക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സമാധാന പരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ മെയ് ആറിന് സര്‍വ്വകലാശാലാ അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

ഒന്നര വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ വനിതാ ഹോസ്റ്റലില്‍ ആറ് മുറികള്‍ അര്‍ഹരായ ഗവേഷക വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കാതെ അടച്ചിടുകയായിരുന്നു. നിരന്തരമായി പരാതികളും അപേക്ഷകളും നല്‍കിയതിനെ തുടര്‍ന്ന് 2015 ഏപ്രില്‍ 23 ന് ഈ മുറികള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് വി.സി ഉത്തരവിറക്കിയെങ്കിലും അത് നടപ്പിലാക്കാന്‍ അതികൃതര്‍ തയ്യാറായില്ല.

തുടര്‍ന്ന് മെയ് അഞ്ചിന് വിദ്യാര്‍ത്ഥിനികള്‍ വിസിയുടെ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരിക്കുകയായിരുന്നു. അതികൃരുടെ അവഗണനയെതുടര്‍ന്ന് അന്ന് രാത്രി മുഴുവന്‍ സത്യാഗ്രഹമിരിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനികളെ പിറ്റേദിവസം സര്‍വ്വകലാശാല അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുകയിരുന്നു.

വിദ്യാര്‍ത്ഥികളെ ഒരിക്കല്‍ പോലും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ ശ്രമിക്കാതെയായിരുന്നു ഈ നടപടി. അറസ്റ്റ് ചെയ്ത 23 ഓളം വനിതാ ഗവേഷകരെ രാത്രി പതിനൊന്ന് മണിവരെ കസ്റ്റഡിയില്‍ വെക്കുകയായിരുന്നു. 11.30 ഓടെയാണ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം അനുവദിച്ചത്.  ജാമ്യം ലഭിച്ച വിദ്യാര്‍ത്ഥിനികളെ രാത്രി മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നില്‍ ഉപേക്ഷിച്ച് പോലീസ് പോവുകയായിരുന്നു. മണിക്കൂറുകളോളം പെരുവഴിയില്‍ ഇരിക്കേണ്ടിവന്ന ഇവര്‍ക്ക്  സഹപാഠികളും ബന്ധുക്കളുമാണ് സഹായത്തിനെത്തിയത്.

സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ബന്ധമുള്ള ഗവേഷകര്‍ക്ക് വേണ്ടിയാണ് ഹോസ്റ്റലിലെ മുറികള്‍ മാറ്റിവെച്ചിരിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. അതേസമയം  വിദ്യാര്‍ത്ഥിനികളുമായി ചര്‍ച്ച നടത്താനോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കോ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല.

We use cookies to give you the best possible experience. Learn more