| Thursday, 29th November 2012, 11:27 am

ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ് വിരമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെര്‍ത്ത്: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന മൂന്നാംടെസ്റ്റ് തന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് റിക്കി പോണ്ടിങ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.[]

വിരമിക്കാന്‍ സെലക്ടര്‍മാരുടെ നിര്‍ബന്ധമില്ലായിരുന്നുവെന്നും തന്റെ സ്വന്തം തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഇഷ്ടമനുസരിച്ച് ടീമിന് പുറത്തുപോകാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് പോണ്ടിങ് പറഞ്ഞു. തീരുമാനം ഏറെ കടുപ്പമേറിയതായിരുന്നുവെന്ന് വ്യക്തമാക്കിയ പോണ്ടിങ് ദീര്‍ഘകാലത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിലവിലെ പരമ്പരയിലെ മൂന്ന് ഇന്നിങിസുകളില്‍ റിക്കി തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. 20 റണ്‍സ് മാത്രമായിരുന്നു റിക്കിക്ക് കണ്ടെത്താനായത്. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് തവണയും അദ്ദേഹം ബൗള്‍ഡാകുകയും ചെയ്തു.

തനിക്ക് റണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജൂലൈയില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഉണ്ടാകില്ലെന്ന് അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പ് പോണ്ടിങ് സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഒരു ബാറ്റ്‌സ്മാന് വേണ്ട നിലവാരത്തിലേക്ക് തനിക്ക് എത്താന്‍ കഴിയുന്നില്ലെന്ന് പോണ്ടിങ് പറഞ്ഞു.

അടുത്ത മാസം 38 ലെത്തുന്ന പോണ്ടിങ് ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. 52.21 ശരാശരിയില്‍ 13,366 റണ്‍സാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. 41 സെഞ്ചുറികള്‍ നേടിയും അദ്ദേഹം റിക്കാര്‍ഡിട്ടിട്ടുണ്ട്. വിരമിക്കല്‍ മത്സരം പോണ്ടിങിന്റെ 168-ാം ടെസ്റ്റ് മത്സരമാണ്.

1995 ഡിസംബര്‍ എട്ടിന് പെര്‍ത്തില്‍ ശ്രീലങ്കയ്‌ക്കെതിരായിരുന്നു പോണ്ടിങിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. പിന്നീട് ക്രിക്കറ്റില്‍ സ്ഥിരതയുടെ പര്യായമായി ആദ്ദേഹം മാറി. ആക്രമണോത്സുകതയായിരുന്നു പോണ്ടിങ് എന്ന ബാറ്റ്‌സ്മാന്റെ മുഖമുദ്ര.

ടീം വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ആക്രമിച്ച് കളിച്ച് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ മിടുക്കനായിരുന്നു പോണ്ടിങ്. പോണ്ടിങിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയ രണ്ട് തവണ ലോകചാമ്പ്യന്‍മാരായി. ടെസ്റ്റില്‍ എതിരാളികളില്ലാത്ത ടീമായി ഓസ്‌ട്രേലിയ മാറിയ കാലത്ത് ടീമിന്റെ നട്ടെല്ലായിരുന്നു അദ്ദേഹം.

ഒരുകാലത്ത് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ക്കും ജാക് കാലിസിനുമൊപ്പം ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് പലരും വിശേഷിപ്പിക്കുന്ന തരത്തിലേയ്ക്ക് പോണ്ടിങ് വളര്‍ന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോമിലല്ലാതെ വലഞ്ഞ പോണ്ടിങ് വിരമിക്കണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു.

ക്യാപ്റ്റന്‍സിയുടെ അവസാനകാലത്ത് രണ്ട് ആഷസ് പരമ്പരകളില്‍ ഇംഗ്ലണ്ടില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയ പോണ്ടിങിന് നായകസ്ഥാനം ഒഴിയേണ്ടിവന്നു. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് പഴയ ഫോമിലേയ്ക്കുയരാന്‍ കഴിഞ്ഞില്ല.

We use cookies to give you the best possible experience. Learn more