| Saturday, 5th September 2020, 9:31 am

'എന്നെ പശുക്കുട്ടിയെ കൊന്നവനെന്ന് എസ്. കെ സജീഷ് വിളിക്കുന്നു'; റബര്‍ പോത്തിനെ അറുത്തിട്ടാണോ ഡി.വൈ.എഫ്.ഐ ബീഫ്‌ഫെസ്റ്റ് നടത്തിയതെന്ന് റിജില്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ നേതാവും സംസ്ഥാന ട്രഷററുമായ എസ്. കെ സജീഷ് സംഘപരിവാര്‍ ഏജന്റായി അധഃപതിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. എല്ലാ ചാനല്‍ ചര്‍ച്ചകളിലും തനിക്കെതിരെ ‘പശുക്കുട്ടിയെ കൊന്ന’വനെന്ന് എസ്. കെ സജീഷ് വിളിക്കുന്നു. ആര്‍.എസ്.എസ്‌കാരും ഇത് തന്നെയാണ് വിളിക്കുന്നത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും ആര്‍.എസ്.എസുകാര്‍ പറയുന്നത് പോലെ തന്നെ പറയുമ്പോള്‍ ആരെ സുഖിപ്പിക്കാനാണെന്ന് വളരെ കൃത്യമായി മനസ്സിലാകുമെന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘സി.പി.ഐ.എമ്മിലെ സംഘപരിവാര്‍ ഏജന്റായി സജീഷ് അധപതിച്ചിരിക്കുന്നു. ചുവപ്പ് നരച്ചാല്‍ കാവി,’റിജില്‍ ചന്ദ്രന്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തിയത് റബര്‍ പോത്തിനെ അറുത്തിട്ടാണോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം 24ന്യൂസില്‍ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് റിജിലിന്റെ പോസ്റ്റ്.

‘മൂരിക്കുട്ടിയെ പശു ആക്കുന്നത് സംഘപരിവാര്‍ ആണെങ്കില്‍, അത് തന്നെ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും പറയുമ്പോള്‍ അത് ആരെ സുഖിപ്പിക്കാനാണെന്ന് മനസിലാകും,’റിജില്‍ പറയുന്നു.

താന്‍ നടത്തിയ ഒരു സമരത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന് ഇത്ര കുരു പൊട്ടുന്നുണ്ടെങ്കില്‍ അത് ആര്‍.എസ്.എസ് ബന്ധം കൊണ്ടാകാമെന്നും അദ്ദേഹം പറയുന്നു. പാലത്തായി കേസില്‍ ഇരയായ പെണ്‍കുട്ടിയെ മോശമായി ചിത്രീകരിച്ച് പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ആര്‍.എസ്.എസ് കാരനായ അധ്യാപകനെ രക്ഷിക്കാനാണെന്നും റിജില്‍ ആരോപിച്ചു.

2017ല്‍ കശാപ്പിനെതിരെയുള്ള കന്നുകാലി വില്‍പന നരോധിച്ചതിനെതിരെ കണ്ണൂരില്‍ റിജില്‍ മാക്കുറ്റി പരസ്യമായി കാളക്കുട്ടിയെ അറുത്ത് കൊണ്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ റിജില്‍ മാക്കുറ്റിയുടെ സമരത്തെ അപലപിച്ച് ദേശീയ നേതാക്കളടക്കം രംഗത്ത് വരികയും ചെയ്തു.

തുടര്‍ന്ന് അന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവരെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റിജില്‍ മാക്കുറ്റിയുടെ പോസ്റ്റ്.

ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ മനുഷ്യരെ സംഘപരിവാര്‍ തീവ്രവാദികള്‍ തല്ലിക്കൊല്ലുന്ന സമയത്ത് കശാപ്പ് നിരോധന നിയമം കൊണ്ട് വന്ന് അതിന്റെ പേരില്‍, ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ സംഘപരിവാറിന് മോദി ഗവണ്‍മെന്റ് വീണ്ടും ആയുധം കൊടുക്കാന്‍ തയ്യാറായപ്പോഴാണ് താന്‍ അത്തരം ഒരു സമരം നടത്തിയതെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

‘അത്തരം സമരരീതി എന്റെ പ്രസ്ഥാനത്തിന്റെ രീതി അല്ലാത്തത് കൊണ്ട് എനിക്ക് എതിരെ നടപടിയെടുത്തു. അത് ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. നടപടിയുടെ കലാവധി കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ച് പ്രസ്ഥാനത്തിലേക്ക് വരികയും ചെയ്തു. പക്ഷേ ആ സമരത്തോടു കൂടി അത്തരമൊരു കാടന്‍ നിയമം നടപ്പിലാക്കാന്‍ മോദി തയ്യാറായില്ല എന്നത് വ്യക്തിപരമായി എനിക്ക് അഭിമാനിക്കാം. ഞാന്‍ നടത്തിയ പോരാട്ടം സംഘപരിവാറിന് എതിരെയാണ്,’ റിജില്‍ മാക്കുറ്റി പറഞ്ഞു.

എം. വി രാഘവന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐക്കാര്‍ അദ്ദേഹത്തിന്റെ പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്ത് കേന്ദ്രത്തില്‍ കടന്ന് ചെന്ന് അവിടെയുള്ള മാനിനെയും മുതലയെയും പാമ്പിനെയും പെട്രോള്‍ ഒഴിച്ച് ചുട്ടുകൊല്ലുമ്പോള്‍ എവിടെപ്പോയി സജീഷിന്റെ മൃഗ സ്‌നേഹമെന്നും റിജില്‍ മാക്കുറ്റി ചോദിക്കുന്നു. സിംഹവാലന്‍ കുരങ്ങിന്റെ കാലും കൈയ്യും കൊത്തിയിട്ട് ‘തുള്ളട രാഘവാ തുള്ളട രാഘവാ’ എന്ന് മുദ്രാവാക്യം വിളിച്ചവരാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്ന മൂരിക്ക് വേണ്ടി കരയുന്നതെന്നും റിജില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rijil Makkutty Says DYFI State Treasurer S K Sajeesh is an agent from RSS

We use cookies to give you the best possible experience. Learn more