| Thursday, 25th February 2021, 1:29 pm

ഒരു സമുദായത്തെ മ്ലേച്ചമായി അപമാനിച്ചയാളുടെ ഷാള്‍ സ്വീകരിക്കുന്നതിലും നല്ലത് നിരാഹാരം അവസാനിപ്പിക്കുന്നത്; പി.സി ജോര്‍ജ്ജിനെതിരെ റിജില്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജിന്റെ ഷാള്‍ നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.

ഒരു സമുദായത്തെ മ്ലേച്ചമായ ഭാഷയില്‍ അപമാനിച്ചയാളുടെ ഷാള്‍ സ്വീകരിക്കുന്നതിലും നല്ലത് നിരാഹാരം അവസാനിപ്പിക്കുന്നതാണെന്ന് റിജില്‍ മാക്കുറ്റി പ്രതികരിച്ചു.

പി.സി ജോര്‍ജ് അല്ല അത്തരത്തിലുള്ള ആരായാലും തന്റെ തീരുമാനത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നില്‍ക്കുന്നവരോടും കോംപ്രമൈസ് ചെയ്യാന്‍ മനസ്സില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

ലാഭനഷ്ടങ്ങള്‍ നോക്കിയല്ല താന്‍ നിലപാട് എടുക്കാറെന്നും അതിന്റെ പേരില്‍ പലതും നഷ്ടപ്പെട്ടേക്കാമെന്നും എങ്കിലും അതൊന്നും ഒരു വിഷയമല്ലെന്നും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

റിജില്‍ മാക്കുറ്റിയുടെ പ്രതികരണം..

‘പി.സി ജോര്‍ജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയില്‍ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയില്‍ അപമാനിച്ചയാളാണ്. അയാളുടെ ഷാള്‍ സ്വീകരിക്കുന്നത് എന്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് പി.സി ജോര്‍ജ് അന്ന് ഉപയോഗിച്ചത്. ആ സമയത്ത് പി.സി ജോര്‍ജിനെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചവനാണ് ഞാന്‍. ആ ജോര്‍ജിന്റെ ഷാള്‍ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ്.

പി.സി ജോര്‍ജ് അല്ല അത്തരത്തിലുള്ള ആരായാലും എന്റെ തീരുമാനത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നില്‍ക്കുകയും ചെയ്യുന്ന ഒരാളോടും Compromise ചെയ്യാന്‍ മനസ്സില്ല.

കൂടപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച സി.പി.ഐ.എമ്മിനോടും എന്റെ നിലപാട് അങ്ങനെ തന്നെയാണ്. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല ഞാന്‍ നിലപാട് എടുക്കാറ്. അതിന്റെ പേരില്‍ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടില്‍ വെള്ളം ചേര്‍ക്കില്ല ഒരിക്കലും,’ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെയാണ് സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജിന്റെ ഷാള്‍ റിജില്‍ മാക്കുറ്റി നിരസിച്ചത്.

ഷാള്‍ അണിയിക്കാനുള്ള ശ്രമം റിജില്‍ മാക്കുറ്റി പരസ്യമായി നിരസിക്കുകയായിരുന്നു. എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ചും പിണറായി വിജയനെ വിമര്‍ശിച്ചുമാണ് ജോര്‍ജ് മടങ്ങിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കാണാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്. ആദ്യം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍ എത്തുകയായിരുന്നു അദ്ദേഹം.

തുടര്‍ന്ന് സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തിയും പ്രസംഗം നടത്തി. അതിന് ശേഷമായിരുന്നു നിരാഹാരം കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കാനായി പൊന്നാടയുമായി ചെന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Rijil Makkutty Against P.C. George

We use cookies to give you the best possible experience. Learn more