| Friday, 18th March 2022, 9:09 am

'ബി.ജെ.പിയിലേക്ക് പോയവരില്‍ കൂടുതലും മുഖ്യമന്ത്രിമാരുടേയും കേന്ദ്രമന്ത്രിമാരുടേയും മക്കള്‍, മണ്ണില്‍ പണിയെടുക്കുന്നവന്റെ നെഞ്ചത്ത് ചവിട്ടിയാണ് ഇവരുടെ മക്കളെ ഉയര്‍ത്തികൊണ്ടുവരുന്നത്': റിജില്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പിയിലേക്ക് പോയവരില്‍ കൂടുതല്‍ മുഖ്യമന്ത്രിമാരുടേയും കേന്ദ്രമന്ത്രിമാരുടേയും മക്കളെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. മണ്ണില്‍ പണിയെടുക്കുന്നവന്റെ നെഞ്ചത്ത് ചവിട്ടിയാണ് നേതാക്കളുടെ മക്കളെ ഉയര്‍ത്തികൊണ്ടുവരികയെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തില്‍ നിന്ന് താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരോടൊപ്പം ചേര്‍ന്ന് അടി വാങ്ങി കുടിയൊഴിപ്പിക്കുന്നവരുടെ ആട്ടിയോടിപ്പിക്കുന്നവരുടെ കൂടെ നില്‍ക്കുമ്പോള്‍ ജനം നമ്മോടൊപ്പം ഉണ്ടാകും. അവരെയൊന്നും രാജ്യസഭ പോയിട്ട്
ഒരു പഞ്ചായത്തില്‍ പോലും പരിഗണിക്കില്ല. അത്തരക്കാരെ കാണാന്‍ ഒരു എ.ഐ.സി.സിയും ഉണ്ടാകില്ല. അതാണ് ഈ പ്രസ്ഥാനം ഈ നിലയില്‍ ഇപ്പോള്‍ എത്തിയതെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഷോ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. നേതാക്കന്‍മാരെ ദല്‍ഹിയില്‍ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാര്‍ട്ടി രക്ഷപ്പെടില്ല. അനര്‍ഹരെ പരിഗണിക്കുമ്പോഴാണ് അര്‍ഹരും അങ്ങനെ പോകാന്‍ നിര്‍ബന്ധിതരാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്‌നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ദല്‍ഹിയില്‍ പോകാന്‍ പറഞ്ഞിരുന്നു. അവസാന നിമിഷം എന്റെ ഒരു സഹപ്രവര്‍ത്തകനെ തോക്കുന്ന സീറ്റില്‍ വെട്ടിയപ്പോള്‍ എന്നോട് പറഞ്ഞു ഞാന്‍ പോകുന്നു ദല്‍ഹിക്ക്, നിങ്ങള്‍ വരുന്നോ ഞാന്‍ പറഞ്ഞു ഇല്ല നിങ്ങള്‍ പോയിവാ.

അതു കൊണ്ട് അദ്ദേഹത്തിന് സീറ്റ് കിട്ടി. അന്ന് ഞാന്‍ അവരോട് പറഞ്ഞത് എനിക്ക് അര്‍ഹത ഉണ്ടെങ്കില്‍ ഇവിടെയുള്ള നേതൃത്വം എന്നെ പരിഗണിക്കും. ദല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് എന്നെ കുറിച്ച് എന്ത് അറിയാനാണ്. അവരുടെ മാനദണ്ഡത്തിനുസരിച്ച് അര്‍ഹത ഇല്ലാത്തതുകൊണ്ട് എന്നെ പരിഗണിച്ചില്ല. അതുകൊണ്ട് ഈ പാര്‍ട്ടിയെ തള്ളിപറയാനോ, അക്കരപച്ചതേടി കെ.പി. അനില്‍കുമാറാകാനോ, പി.സ്. പ്രശാന്ത് ആകാനോ ഞാന്‍ തയ്യാറായില്ല,’ റിജില്‍ പറയുന്നു.

അവരൊക്കെ ഈ പ്രസ്ഥാനം കൊണ്ട് എല്ലാം നേടിയവരാണ്. പഴയതിനെക്കാള്‍ ഊര്‍ജ്ജത്തോടെ ഈ പ്രസ്ഥാനത്തിനു വേണ്ടി തെരുവില്‍ കിടന്ന് പോരാടാന്‍ മുന്നില്‍ തന്നെയുണ്ട്. അക്രമിക്കപ്പെടും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ശത്രുക്കളുടെ പോരാടാന്‍ മുന്നിലേക്ക് പോയത്. കൂടെയുള്ളവനെ ശത്രുക്കളുടെയോ പോലീസിന്റെയോ മുന്നില്‍ തള്ളിവിട്ട് അവര്‍ക്ക് പരിക്ക് പറ്റി ആശുപത്രിയില്‍ പോയി ഫോട്ടോ എടുത്തും അവര്‍ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പോയി വാദമുഖങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയം പഠിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വളഞ്ഞ വഴിയില്‍ കാര്യം നേടിയവര്‍ അത് ജീവിതകാലം വരെ ഉറപ്പിക്കാന്‍ കാണിക്കുന്ന ആര്‍ത്തിയും പാര്‍ട്ടിക്ക് ക്ഷീണം സംഭവിക്കുമ്പോള്‍ അക്കരപച്ചതേടി പോകുന്ന സിന്ധ്യമാരൊക്കെയാണ് ഈ പാര്‍ട്ടിയുടെ ശാപം. പല സംസ്ഥാനത്തും നിന്നും ബി.ജെ.പിയിലേക്ക് പോയവരില്‍ കൂടുതലും ആ സംസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രിമാരുടെയും കേന്ദ്രത്തില്‍ മന്ത്രിമാരായവരുടെയും മക്കളാണ്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ വലിയ സ്ഥാനങ്ങള്‍ കൊടുത്ത് സ്വീകരിക്കും.

മണ്ണില്‍ പണിയെടുക്കുന്നവന്റെ നെഞ്ചത്ത് ചവിട്ടിയാണ് അവരെ ഉയര്‍ത്തി കൊണ്ട് വരിക. അവരാണ് ഈ പാര്‍ട്ടിയെ ചതിച്ച് പോയവരില്‍ ഭൂരി ഭാഗവും. ത്യാഗം സഹിച്ച് കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ ഇന്നും ഇവിടെ തന്നെ നില്‍ക്കുന്നത് കൊണ്ടാണ് ഈ പാര്‍ട്ടി ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത്. പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിമാരാകാന്‍ വലിയ സുപ്രീം കോടതി വക്കീലന്‍മാര്‍, ഉന്നത ജോലിയില്‍ നിന്ന് വിരമിച്ച ഒരു പടയുണ്ടാകും. അവര്‍ക്ക് ജോലി ചെയ്തതിന്റെ കോടികളുടെ ആസ്തി ഉണ്ടാകും പത്ത് പേരുടെ പിന്തുണ ഇല്ലാത്തവരാണ് ഭൂരിഭാഗവും. പാര്‍ട്ടിയുടെ പ്രതിസന്ധി കാലത്ത് അവരൊയൊന്നും എവിടെയും കാണുകയുമില്ല. പ്രവര്‍ത്തനത്തിലും നിലപാട് എന്ത് എന്ന് കാണിക്കണം.

അത്തരം നിലപാട് എടുക്കുമ്പോള്‍ ചിലപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടാം. അപമാനിക്കപ്പെടാം, വ്യക്തിഹത്യക്ക് ഇരയാകേണ്ടി വരാം, ഒറ്റെപ്പെടുത്താം, കൂടെയുള്ളവര്‍ തള്ളി പറയാം, സൈബര്‍ ബുളളിയിങിന് വിധേയമാകേണ്ടി വരാം. പക്ഷെ നിലപാടില്‍
ഉറച്ച് നിന്നാല്‍ എത്ര വര്‍ഷം കഴിഞ്ഞാലും പ്രസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല. അനുഭവമാണ് സാക്ഷ്യം, ലോക്‌സഭ വരുമ്പോള്‍ അവിടെ, നിയമസഭ വരുമ്പോള്‍ അവിടെ, രാജ്യസഭ വരുമ്പോള്‍ അവിടെ, ഞാന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണം എന്ന ചിന്തയാണ് എന്നെ നയിക്കുന്നതെങ്കില്‍ ഞാനാണ് ഏറ്റവും വലിയ സ്വാര്‍ത്ഥന്‍ എന്നാണ് എന്റെ പക്ഷം,’ റിജില്‍ കുറിപ്പില്‍ പറയുന്നു.

Content Highlights: Rijil Chandran Makkutty writes about congress

We use cookies to give you the best possible experience. Learn more