|

വനിതാ റിപ്പോര്‍ട്ടറോട് കയര്‍ത്ത്, മൈക്ക് തട്ടിമാറ്റി ബ്രിജ് ഭൂഷണ്‍ സിങ്; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചോദ്യം ചോദിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി ബി.ജെ.പി എം.പി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ലൈംഗികാതിക്രമ ആരോപണക്കേസില്‍ റെസ്‌ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ് കുറ്റം ചെയ്തതായി ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടര്‍ തേജശ്രീ പുരന്ദരെയോടാണ് എം.പിയും സുരക്ഷാ ഉദ്യോഗസ്ഥരും പരുഷമായി പെരുമാറിയത്. റിപ്പോര്‍ട്ടറുടെ മൈക്ക് ബി.ജെ.പി എം.പി റിപ്പോര്‍ട്ടറോട് കയര്‍ക്കുന്നതും തട്ടിമാറ്റുന്നതും ടൈംസ് നൗ പുറത്തുവിട്ട വീഡിയോയില്‍ കാണാം.

 

എയര്‍ പോര്‍ട്ടിന്റെ വി.ഐ.പി ഗേറ്റില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് ബ്രിജ്
ഭൂഷണോട് റിപ്പോര്‍ട്ടര്‍ ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച ചോദ്യം ഉന്നയിയിക്കുന്നത്. കേസിന്റെ ചാര്‍ജ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ എം.പിയുടെ രാജിയെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍, എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല. ഞാന്‍ കോടതിയില്‍ സംസാരിക്കാം(ആ ബോല്‍നെ കേ ലിയേ മേരേ പാസ് കുച്ച് നഹി ഹൈ… മേരേ പാസ് ആപ്‌കെ ലിയേ കുച്ച് മസാല നഹി ഹൈ കോടതി മേം ചാലിയേ) എന്നാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്.

ഇതിനിടയില്‍ എം.പി സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചും ബ്രിജ് ഭൂഷണോട് റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ട്. ആ സമയം അദ്ദേഹം റിപ്പോര്‍ട്ടറോട് കയര്‍ക്കുന്നതും കാണാം.

തുടര്‍ന്നും ചോദ്യം അവര്‍ത്തിച്ച റിപ്പോര്‍ട്ടറെ ശ്രദ്ധിക്കാതെ ബ്രിജ് ഭൂഷണ്‍ തന്റെ കാറിലേക്ക് കയറുകയും, ശേഷം റിപ്പോര്‍ട്ടറെ സുരക്ഷ ഉദ്യോഗസ്ഥന്‍ ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ ബ്രിജ് ഭൂഷണ്‍ കാറിന്റെ ഡോര്‍ വലിച്ച് അടക്കുന്നതും മൈക്ക് തട്ടിമാറ്റുന്നതും ശേഷം മാധ്യമപ്രവര്‍ത്തകയുടെ കൈ ഡോറിനിടയില്‍ കുടുങ്ങുന്നതും വീഡിയോയില്‍ കാണാം. ഇതേ റിപ്പോര്‍ട്ടിങ്ങിനിടയില്‍ തന്നെ ബ്രിജ് ഭൂഷണിന്റെ ഈ പെരുമാറ്റത്തിനിടെ മാധ്യമപ്രവര്‍ത്തക രൂക്ഷമായി പ്രതികരിക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളെ ആക്രമിക്കാന്‍ ആരാണ് ബ്രിജ് ഭൂഷണ് അവകാശം നല്‍കിയതെന്ന്
കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന ദല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റിലാണ്
ലൈംഗിക അതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ്‍ കുറ്റം ചെയ്തതായി പറയുന്നത്.
ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു, തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നു എന്നിവയൊക്കെയാണ് ചാര്‍ജ് ഷീറ്റിലുള്ളത്.

Content Highlight: Brij Bhushan Singh shouts at female reporter, knocks the mic away; Video

Latest Stories