കണ്ണൂരില്‍ കാളയെ പരസ്യമായി കശാപ്പു ചെയ്ത സംഭവം: റിജില്‍ മാക്കുറ്റിയടക്കം നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
കണ്ണൂരില്‍ കാളയെ പരസ്യമായി കശാപ്പു ചെയ്ത സംഭവം: റിജില്‍ മാക്കുറ്റിയടക്കം നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th May 2017, 11:16 am

കണ്ണൂര്‍: കണ്ണൂരില്‍ കാളയെ പരസ്യമായി കശാപ്പു ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെയും മറ്റ് മൂന്നുപേരെയും സസ്‌പെന്റ് ചെയ്തു.  യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റേതാണ് നടപടി.

സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. കിരാതവും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയുമാണ് കഴിഞ്ഞദിവസം കേരളത്തിലുണ്ടായതെന്നും തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ഗാന്ധി പറഞ്ഞത്.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന് പിന്നാലെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂര്‍ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കി പ്രതിഷേധിച്ചത്.


Also Read:യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ്; കിരാതവും അംഗീകരിക്കാന്‍ കഴിയാത്തതുമെന്ന് രാഹുല്‍ 


സംഭവം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി യുവമോര്‍ച്ച രംഗത്തുവന്നിരുന്നു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വ്യവസ്ഥാപിതമായ നിയമമുണ്ടെന്നും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് മാന്യത പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാവ് എം. ലിജു പ്രതികരിച്ചിരുന്നു. ചെറുപത്തിന്റെ അപക്വതയിലാകാം ഇത്തരം നടപടിയെന്നായിരുന്നു ലിജു പറഞ്ഞത്.