ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഹോട്ടലിലെത്തിയതിന് പിന്നാലെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെയും ഉമ്രാന്‍ മാലിക്കിനെതിരെയും വിമര്‍ശനങ്ങളുമായി ഹിന്ദുത്വവാദികള്‍. ടീമിനെ സ്വീകരിക്കവെ ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ തിലകം തൊടാതിരുന്നതാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനത്തിന് കാരണമായത്.
അതിഥികളെ സ്വീകരിക്കുമ്പോള്‍ ഭാരതീയ സംസ്‌കാര പ്രകാരം തിലകം തൊടുവിച്ചിട്ടാണ് സ്വീകരിക്കുന്നതെന്നും ഇതില്‍ നിന്നും വിട്ടുനിന്നതിനാല്‍ തന്നെ സംസ്‌കാരത്തെ അപമാനിച്ചു എന്നും ഇവര്‍ പറയുന്നു.
ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും ഇന്ത്യയുടെ താരങ്ങളാണ് അല്ലാതെ പാകിസ്ഥാന് വേണ്ടിയല്ലല്ലോ കളിക്കുന്നത്, ഇരുവരും ക്രിക്കറ്റ് ജിഹാദികളാണ് തുടങ്ങിയ വിമര്‍ശനങ്ങളാണ് തീവ്ര ഹിന്ദുത്വ പ്രൊഫൈലുകള്‍ ഉയര്‍ത്തുന്നത്.
ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ഹരിപ്രസാദ് തുടങ്ങിയവരും തിലകം അണിയുന്നില്ല. ഇവര്‍ക്കെതിരെയും ഹിന്ദുത്വവാദികള്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.
ഹിന്ദു സംസ്‌കാരം പിന്തുടരാത്ത ഇവരൊന്നും യഥാര്‍ത്ഥ ഹിന്ദുക്കളല്ല എന്നാണ് വിക്രം റാത്തോര്‍ അടക്കമുള്ളവര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനം.
ഇതിന് പുറമെ സംഘപരിവാര്‍ അനുകൂല വാര്‍ത്താ ചാനലായ സുദര്‍ശന്‍ ന്യൂസിന്റെ ചീഫ് എഡിറ്റര്‍ സുരേഷ് ചവാങ്കേയും സിറാജിനും ഉമ്രാനുമെതിരെ വിദ്വേഷ പ്രചരണവുമായി എത്തിയിരുന്നു.
‘മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും നെറ്റിയില്‍ തിലകം തൊടുന്നില്ല. അവര്‍ ഇന്ത്യന്‍ ടീമിലെ കളിക്കാരാണ്, അല്ലാതെ പാകിസ്ഥാനികളല്ല. അന്താരാഷ്ട്ര താരമായിട്ടും അവന്‍ സ്വന്തം മതത്തില്‍ തീവ്രമായി ഉറച്ചുനില്‍ക്കുകയാണ് #jago,’ എന്നായിരുന്നു ചവാങ്കേ ട്വീറ്റ് ചെയ്തത്.
അതേസമയം, ഫെബ്രുവരി ഒമ്പതിനാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഓസീസ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ അവസാന പരമ്പരയാണ്. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്ക് ഈ പരമ്പര മികച്ച മാര്‍ജിനില്‍ വിജയിച്ചേ മതിയാകൂ.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ കളിക്കാന്‍ സാധിക്കുക. ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ഇതിനോടകം ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് പുറമെ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും തുല്യസാധ്യത കല്‍പിക്കുന്നതിനാല്‍ തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും തന്നെ ഇന്ത്യക്ക് ചിന്തിക്കാന്‍ സാധിക്കില്ല.
പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ മടങ്ങിയെത്തിയതാണ് ഇന്ത്യന്‍ നിരക്ക് ആശ്വാസമാകുന്നത്. ഇതിന് പുറമെ കെ.എല്‍. രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യ സ്‌ക്വാഡ് (ആദ്യ രണ്ട് ടെസ്റ്റ്)
ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്.
ഓസ്‌ട്രേലിയ സ്‌ക്വാഡ്
ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്വെപ്‌സണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി,നഥാന്‍ ലിയോണ്‍,
Content highlight: Rightwing groups criticize Umran Malik and Mohammed Siraj for not wearing Tilak