വാഷിംഗ്ടണ്‍: അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡനുമേല്‍ സമ്മര്‍ദ്ദം.
അമേരിക്കയുടെ കുപ്രസിദ്ധമായ ഡ്രോണ്‍ പ്രോഗ്രാമിലൂടെ എത്ര പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്താന്‍ രാജ്യം തയ്യാറാകണമെന്നാണ് ജോ ബൈഡനോട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡ്രോണ്‍ ആക്രമണങ്ങളുടെ കാര്യത്തില്‍ ബരാക് ഒബാമ കൊണ്ടുവന്ന നിബന്ധനകളില്‍ നിന്ന് പിന്നാക്കം പോയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബൈഡനു മുന്നില്‍ പുതിയ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യുദ്ധമേഖലയ്ക്ക് പുറത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്ന നിയമത്തില്‍ നിന്നുള്‍പ്പെടെയാണ് ട്രംപ് പിന്നോട്ടു പോയത്.
ബൈഡന് ട്രംപ് കൊണ്ടുവന്ന നയങ്ങള്‍ തിരുത്തുന്നത് അനായാസമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ യു.എസ് ഡയറക്ടര്‍ ഡാഫേന്‍ എവിയറ്റര്‍ പറഞ്ഞു.
” ലോകത്തിന്റെ പല ഭാഗങ്ങളില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങളിലൂടെ പൗരന്മാരെ കൊലപ്പെടുത്തുന്നുണ്ടെങ്കില്‍ അതറിയാനുള്ള അവകാശം അമേരിക്കന്‍ ജനതയ്ക്കുണ്ട്,” ഡാഫേന്‍ പറഞ്ഞു.
ഡ്രോണ്‍ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ ഉത്തരവിറക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ആവ്‌റില്‍ ഹെയ്‌നസും കൂട്ടിച്ചേര്‍ത്തു.