|

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്കയച്ച നടപടി; ട്രംപ് സര്‍ക്കാരിനെതിരെ കേസെടുത്ത് മനുഷ്യാവകാശ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് മാറ്റിയതില്‍ യു.എസ് ഭരണകൂടത്തിനെതിരെ കേസെടുത്ത് അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകള്‍. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെയും അമേരിക്കന്‍ ഗേറ്റ് വേസിന്റെയുമാണ് നടപടി.

അഭിഭാഷകരുമായി സംസാരിക്കാന്‍ തടവുകാര്‍ക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ സംഘടനകള്‍ കേസെടുത്തത്.

തടങ്കലില്‍ കഴിയുന്ന ആളുകളെ പൂര്‍ണമായും സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഭരണഘടന സര്‍ക്കാരിനെ അനുവദിക്കുന്നില്ലെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ (എ.സി.എല്‍.യു) ജയില്‍ പ്രോജക്റ്റ് സീനിയര്‍ സ്റ്റാഫ് അറ്റോര്‍ണി യൂനിസ് ചോ പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുള്ള ആക്രമണ കേസിലെ പ്രതികളെ തടവിലാക്കിയതിന് കുപ്രസിദ്ധിയാര്‍ജിച്ച ജയിലാണ് ഗ്വാണ്ടനാമോ. അനധികൃത കുടിയേറ്റക്കാരെ ഇവിടേക്ക് മാറ്റാനാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്.

രേഖകളില്ലാത്ത 30,000 പേരെ ഗ്വാണ്ടനാമോയില്‍ അടക്കാനാണ് ട്രംപ് നിര്‍ദേശം നല്‍കിയത്. പ്രസ്തുത നടപടിയിലൂടെ കുടിയേറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും ഇത് രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ഹോള്‍ഡിങ് സെന്ററുകളാണെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ അവസാനഘട്ടത്തില്‍ ഗ്വാണ്ടനാമോയിലേക്ക് മാറ്റിയ തടവുകാരുടെ വിവരങ്ങള്‍ യു.എസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് എ.സി.എല്‍.യു പറഞ്ഞു. ഇവര്‍ എത്ര ദിവസം തടങ്കലില്‍ കഴിയേണ്ടി വരും എന്നതില്‍ വ്യക്തതയില്ലെന്നും സംഘടന പ്രതികരിച്ചു.

അതേസമയം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാത്തവരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാര്‍ പിടിച്ചുകൊണ്ട് പോകുകയായിരുന്നുവെന്ന് ഗ്വാണ്ടനാമോയില്‍ തടവിലാക്കപ്പെട്ട ഏതാനും പേരുടെ കുടുംബങ്ങള്‍ പറയുന്നു. ഗ്വാണ്ടനാമോയില്‍ തടവില്‍ കഴിയുന്ന തന്റെ സഹോദരന്റെ ഫോട്ടോ കണ്ട് ഞെട്ടിപ്പോയെന്ന് യൂക്കാരിസ് കരോലിന ഗോമസ് ലുഗോ പറഞ്ഞു.

എ.സി.എല്‍.യു ഫയല്‍ ചെയ്ത കേസിലെ ഒരു വാദിയാണ് യൂക്കാരിസ്. തടവുകാര്‍ക്ക് നിയമസഹായം നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്ന് അമേരിക്കന്‍ ഗേറ്റ് വേസിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റെബേക്ക ലൈറ്റ്സിയും പ്രതികരിച്ചു.

രേഖകള്‍ കൈവശമുള്ള കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടിക്കിടെയാണ് ട്രംപ് സര്‍ക്കാരിനെതിരെ മനുഷ്യാവകാശ സംഘടന കേസെടുക്കുന്നത്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഏകദേശം 11000 പേരെ ട്രംപ് സര്‍ക്കാര്‍ നാടുകടത്തിയിട്ടുണ്ട്.

ട്രംപിന്റെ നാടുകടത്തല്‍ നടപടി ലക്ഷ്യമിടുന്നത് യു.എസില്‍ കഴിയുന്ന 11 ദശലക്ഷത്തോളം ആളുകളെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യു.എസില്‍ നിന്നുള്ള രണ്ടാംഘട്ട സൈനിക വിമാനങ്ങള്‍ പുറപ്പെട്ടു.

യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 119 ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ട് വിമാനങ്ങള്‍ ഫെബ്രുവരി 15നും 16നും അമൃത്സറിലെ ഗുരു റാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി അഞ്ചിന് 104 അനധികൃത കുടിയേറ്റക്കാരെ യു.എസ് സൈനിക വിമാനത്തില്‍ തിരിച്ചയച്ചത് വലിയ വിവാദമായിരുന്നു. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നുവെന്നും അമൃത്സറില്‍ ഇറങ്ങിയതിനുശേഷം മാത്രമാണ് തങ്ങളുടെ വിലങ്ങുകള്‍ അഴിച്ചുമാറ്റിയതെന്നും നാടുകടത്തപ്പെട്ട കുടിയേറ്റക്കാര്‍ പറഞ്ഞു. കയ്യിലും കാലിലും വിലങ്ങ് ധരിച്ച കുടിയേറ്റക്കാരുടെ ചിത്രങ്ങളും യു.എസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു.

Content Highlight: Rights groups sue Trump administration over migrants transferred to Guantanamo

Latest Stories