ന്യൂയോർക്ക് ഇന്ത്യ പരേഡിൽ രാമക്ഷേത്രത്തിന്റെ മാതൃക; പ്രതിഷേധവുമായി ഹിന്ദു സംഘടനകളും
NATIONALNEWS
ന്യൂയോർക്ക് ഇന്ത്യ പരേഡിൽ രാമക്ഷേത്രത്തിന്റെ മാതൃക; പ്രതിഷേധവുമായി ഹിന്ദു സംഘടനകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 10:33 am

ന്യൂദൽഹി: ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ രാമക്ഷേത്രത്തിന്റെ മാതൃക ഉൾപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം.  പ്രതിഷേധവുമായി ഹിന്ദു സംഘടനകളും മുന്നോട്ടെത്തിയിട്ടുണ്ട്.

ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്, കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസ് , ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ്, ജെനോസൈഡ് വാച്ച് തുടങ്ങിയ നിരവധി സംഘടനകൾ ന്യൂയോർക്ക് ഗവർണർ കാത്തി ഹോൾചുളിന് ഇതേ സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്.

പരേഡിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക പ്രദർശിപ്പിക്കുന്നത് ന്യൂയോർക്ക് സിറ്റിയും ന്യൂയോർക്ക് സംസ്ഥാനവും അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെ മൂല്യങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്ന് അവർ കത്തിൽ പറഞ്ഞു.

‘പരേഡിൽ ധ്രുവീകരണത്തിനും ഭിന്നിപ്പിനും കാരണമായ മാതൃക ഉൾപ്പെടുത്തുന്നത് തടയാൻ നിർണായക നടപടികൾ കൈക്കൊള്ളണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,’ സംഘടനകൾ കത്തിലൂടെ പറഞ്ഞു.

ഇന്ത്യാ ദിന പരേഡിൽ രാമക്ഷേത്രത്തിന്റെ മാതൃക പ്രദർശിപ്പിക്കുന്നത് ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരായ ആക്രമത്തെ ആഘോഷിക്കുന്നതിന് തുല്യമാണെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണയ്ക്കായി അടുത്ത മാസം ന്യൂയോർക്കിലെ മാൻഹട്ടിലാണ് ഇന്ത്യാ ദിന പരേഡ് നടക്കുക. അയോധ്യയിൽ 1992ൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ മുകളിൽ പണികഴിപ്പിച്ച രാമക്ഷേത്രം ഈ വർഷമാണ് ഉദ്ഘാടനം ചെയ്തത്.

പരേഡിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക പ്രദർശിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദുത്വ അജണ്ടയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള മോദിയുടെ ലക്ഷ്യം പുനരുജ്ജീവിപ്പിക്കുകയുമാണെന്ന് ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിം കൗൺസിലിന്റെ പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു.

‘ഇന്ത്യയിലെ ഹിന്ദു മേൽക്കോയ്മ പ്രത്യയശാസ്ത്രത്തിന്റെ പര്യായമാണ് രാമക്ഷേത്രം. ഒരു ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുശാഗ്ര ബുദ്ധിയുടെ അടയാളമാണ് ഈ ക്ഷേത്രം. കൂടാതെ രാജ്യത്തുടനീളമുള്ള മുസ്‌ലിം പള്ളികൾ ഏറ്റെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിലൂടെ മോദിയുടെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തെ പുനരുജ്ജീവിപ്പിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഇതൊരു മുസ്‌ലിം വിരുദ്ധ ചിഹ്നമാണെന്നും ന്യൂയോർക്ക് നഗരത്തിലും മോദിയുടെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ജവാദ് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 18ന് നടത്താനൊരുങ്ങുന്ന പരേഡിൽ നിന്ന് രാമക്ഷേത്രത്തിന്റെ മാതൃക പ്രദർശിപ്പിക്കുന്നത് നീക്കം ചെയ്യണമെന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജവാദ് പറഞ്ഞു.

 

1981 മുതൽ ന്യൂയോർക്കിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ ഇന്ത്യ ഡേ പരേഡിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് വരുന്നുണ്ട്.

ആയിരക്കണക്കിന് ഇന്ത്യൻ അമേരിക്കക്കാർ പരേഡിൽ പങ്കെടുക്കാറുണ്ട്.

എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കാൻ ഉദേശിച്ചുള്ള പരേഡ് ഇത്തവണ ഹിന്ദു വലതുപക്ഷം ഹൈജാക്ക് ചെയ്തതായി സാമൂഹ്യപ്രവർത്തകരും നിരവധി സംഘടനകളും പറഞ്ഞു. രാമക്ഷേത്രത്തിൻ്റെ മാതൃക പരേഡിൽ ഉൾപ്പെടുത്തിയത് അതിന്റെ തെളിവാണെന്ന് അവർ ആരോപിച്ചു.

ബാബരി മസ്ജിദ് നിലനിന്നത് രാമന്റെ ജന്മദേശത്തായാണെന്ന് ഇന്ത്യയിലെ തീവ്രഹിന്ദുത്വ വിഭാഗം ആരോപിച്ചിരുന്നു. ഇത് ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു.

1980-കളിൽ, രാമജന്മഭൂമി പ്രസ്ഥാനം ക്ഷേത്രം പുനർനിർമിക്കണമെന്ന് വാദിക്കുകയും 1992 ഡിസംബർ 6 ന്, തീവ്രഹിന്ദുത്വവാദികൾ മസ്ജിദ് പൊളിക്കുകയും ചെയ്തു.
ഇത് രാജ്യത്ത് കലാപങ്ങളുടെ ഒരു പരമ്പരയിലേക്ക് നയിച്ചു, അതിൻ്റെ ഫലമായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.

 

 

Content Highlight: Rights groups slam inclusion of Ayodhya temple float in New York India parade