'കേരളത്തില്‍ നീറ്റ് ജിഹാദ്'; ഉന്നത വിജയം നേടിയ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണം
Kerala News
'കേരളത്തില്‍ നീറ്റ് ജിഹാദ്'; ഉന്നത വിജയം നേടിയ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 9:32 pm

ന്യൂദല്‍ഹി: കേരളത്തില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ബി.ജെ.പി അനുകൂല ഗ്രൂപ്പുകളുടെ വര്‍ഗീയ പ്രചരണം. കേരളത്തില്‍ നീറ്റ് ജിഹാദെന്ന ഹാഷ്ടാഗിലാണ് ഇവര്‍ എക്‌സില്‍ ഉള്‍പ്പടെ പ്രചരണം നടത്തുന്നത്.

മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ഇവരാണെന്ന അടിക്കുറിപ്പോടെയാണ് തെറ്റായ പ്രചരണം നടത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച മുസ്‌ലിങ്ങളുടെ പദ്ധതിയാണെന്നും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നുണ്ട്.

മലപ്പുറം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററായ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിജയിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളടങ്ങിയ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പി അനുകൂല പ്രൊഫൈലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്.

ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നീറ്റ് പരീക്ഷ വിജയിച്ചവരില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളാണെന്നും പോസ്റ്റുകളില്‍ എടുത്ത് പറയുന്നുണ്ട്. എന്നാല്‍ ഇത്തരം തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ സ്ഥാപനം രംഗത്തെത്തി.

‘നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പരസ്യമാണ് നൽകിയത്. മുസ്‌ലിം, ഹിന്ദു വിഭാഗത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ മതങ്ങളില്‍ നിന്നും ഞങ്ങളുടെ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ കൂടുതലും മുസ്‌ലിം വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇതിനെ ചിലര്‍ ചേര്‍ന്ന് നീറ്റ് അഴിമതിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് തെറ്റായ ആരോപണമാണ്,’ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍ പറഞ്ഞു.

വ്യാജ പ്രചരണത്തിനെതിരെ മലപ്പുറം പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുദര്‍ശന്‍ ടിവിയുടെ മേധാവിയും ഹിന്ദുത്വ പ്രവർത്തകനുമായ സുരേഷ് ചവാൻകെയും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ​ഗുണം ആർക്കാണ് ലഭിച്ചതെന്ന് ഇതിൽ നിന്ന് മനസിലാകുമെന്നും നീറ്റ് ജിഹാദ് എന്ന ഹാഷ് ടാ​ഗിൽ പങ്കുവെച്ച കുറിപ്പിൽ സുരേഷ് ചവാൻകെ പറഞ്ഞു.

Content Highlight: Right-wing trolls accuse Muslims of ‘NEET jihad’ in Kerala