'ഗോമാതാവിനെ കൊല്ലുന്നത് നമ്മള്‍ അവസാനിപ്പിക്കണം' എ.ആര്‍ റഹ്മാന്റെ പേരില്‍ വ്യാജ പ്രചരണവുമായി സംഘികള്‍: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
India
'ഗോമാതാവിനെ കൊല്ലുന്നത് നമ്മള്‍ അവസാനിപ്പിക്കണം' എ.ആര്‍ റഹ്മാന്റെ പേരില്‍ വ്യാജ പ്രചരണവുമായി സംഘികള്‍: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th June 2017, 10:55 am

തസംവിധായകന്‍ എ.ആര്‍ റഹ്മാന്റെ പേരില്‍ വ്യാജ പ്രചരണവുമായി സംഘികള്‍ സോഷ്യല്‍ മീഡിയയില്‍. എ.ആര്‍ റഹ്മാന്‍ ബീഫിനെതിരായ പ്രചരണത്തെയും പശുസംരക്ഷണത്തെയും പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് പ്രചരണം.

സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ പോസ്റ്റുകാര്‍ഡ് ന്യൂസ് എന്ന വെബ്‌സൈറ്റു വഴിയാണ് പ്രചരണം നടന്നത്. ഈ വെബ്‌സൈറ്റിന്റെ പേരിലുള്ള സ്‌ക്രീന്‍ഷോട്ട് ട്വിറ്ററിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്.

“ഞാന്‍ ബീഫ് കഴിക്കാറില്ല. എന്റെ അമ്മ ഹിന്ദുമത വിശ്വാസിയായിരുന്നു. വളര്‍ന്നപ്പോള്‍ മതപരമായ ആഘോഷ വേളയില്‍ അമ്മ പശുവിനെ ആരാധിക്കുന്നത് ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. ഞാന്‍ സൂഫിസത്തിന്റെ വഴി തെരഞ്ഞെടുത്തു. പക്ഷെ പശുവിനെ ജീവിതത്തിന്റെ പവിത്രമായ ചിഹ്നമായി ഞാനിപ്പോഴും കാണുന്നു. പശുവിനെ കൊല്ലുന്നത് കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തും. അതുകൊണ്ട് നമ്മള്‍ പശുവിനെ കൊല്ലുന്നത് അവസാനിപ്പിക്കണം. കന്നുകാലി കശാപ്പ് കുറയ്ക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഞാന്‍ പിന്തുണയ്ക്കുന്നു” എന്ന പ്രസ്താവനയാണ് എ.ആര്‍ റഹ്മാന്റെ പേരില്‍ പോസ്റ്റുകാര്‍ഡ് പ്രചരിപ്പിച്ചത്.

എന്‍.ഡി.ടി.വിയ്‌ക്കെതിരായ സംഘപരിവാര്‍ കാമ്പെയ്‌നിനു ചുക്കാന്‍ പിടിച്ച എസ്. ഗുരുമൂര്‍ത്തി എന്ന ട്വിറ്റര്‍ അക്കൗണ്ടുവഴി ഈ പ്രസ്താവനയുടെ സ്‌ക്രീന്‍ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനു പുറമേ ദ വേര്‍ജ് ബുള്ളറ്റിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടാക്കിയും പ്രചരണം നടക്കുന്നുണ്ട്.

എ.ആര്‍ റഹ്മാന്‍ ദ സ്പിരിറ്റ് ഓഫ് മ്യൂസിക് എന്ന പുസ്തകത്തിനു വേണ്ടി നസ്‌റീന്‍ മുന്നി കബീര്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും എടുത്തതെന്ന തരത്തിലാണ് പോസ്റ്റുകാര്‍ഡില്‍ പ്രസ്തുത പരാമര്‍ശം പ്രസിദ്ധീകരിച്ചത്.

എന്നാല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്: ” എന്റെ അമ്മ ഹിന്ദുമത ആചാരണങ്ങള്‍ പിന്തുടരുന്നയാളായിരുന്നു. ഞങ്ങള്‍ വളര്‍ന്ന ഹബീബുള്ള റോഡിലെ ഞങ്ങളുടെ വീട്ടിലെ ചുവരില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രമുണ്ടായിരുന്നു. അവിടെ മേരി ക്രിസ്തുവിനെ പിടിച്ചുനില്‍ക്കുന്ന ചിത്രവും മക്കയുടെയും മദീനയുടെയും ചിത്രങ്ങളും ഉണ്ടായിരുന്നു” എന്നായിരുന്നു. ഇതാണ് പശുവിനെ ആരാധിക്കണമെന്ന തരത്തിലാക്കിയത്.


Also Read:ഖത്തറില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങള്‍ക്കും പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ക്കും യു.എ.ഇയുടെ വിലക്ക് 


ഗുരുമൂര്‍ത്തിയുടെ പോസ്റ്റിനുതാഴെ ഇതു വ്യാജ റിപ്പോര്‍ട്ടാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ഇതുവരെ പോസ്റ്റു പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.