| Saturday, 9th March 2019, 3:51 pm

മികച്ച വസ്തുതാ പരിശോധനയ്ക്കുള്ള ഐ.എഫ്.സി.എന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച് വ്യാജവാര്‍ത്തയുടെ പേരില്‍ കുപ്രസിദ്ധമായ സംഘപരിവാര്‍ ബ്ലോഗ്; കിട്ടിയത് നാണംകെട്ട തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിങ് നെറ്റുവര്‍ക്കിന്റെ അംഗീകാരത്തിനായി അപേക്ഷിച്ച വലതുപക്ഷ പ്രൊപ്പഗണ്ട ബ്ലോഗ് ഓപ് ഇന്ത്യയ്ക്ക് നാണംകെട്ട തിരിച്ചടി. ഓപ് ഇന്ത്യയുടെ അപേക്ഷ തള്ളിയതിനൊപ്പം അവരുടെ എഡിറ്റോറിയല്‍ മൂല്യത്തെ തന്നെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിങ് നെറ്റുവര്‍ക്ക് മറുപടി നല്‍കിയത്.

ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതിലൂടെ കുപ്രസിദ്ധി നേടിയ ബ്ലോഗാണ് ഓപ് ഇന്ത്യ. വസ്തുതാപരിശോധനയെന്ന അവകാശവാദത്തോടെ ഓപ് ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് അതിന്‍റെ പോരായ്മകള്‍ നിരത്തിയാണ് ഐ.എഫ്.സി.എന്‍ മറുപടി നല്‍കിയിരിക്കുന്നത്.

“പല വിഷയത്തിലുള്ള വസ്തുതാ പരിശോധനകളാണ് ഇവയെങ്കിലും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ അല്ലെങ്കില്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രമുള്ള സംഘടനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായിരുന്നു. ഉദാഹരണമായി ഓപ് ഇന്ത്യ സമര്‍പ്പിച്ച പത്ത് ഫാക്ട് ചെക്കുകള്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിരോധിക്കുന്നതായിരുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക ചായ്‌വ് കാണിക്കുന്നതായി വ്യക്തമായിരുന്നു. അല്ലെങ്കില്‍ അത് എഴുതുന്നതിലൂടെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന സൂചന നല്‍കുന്നുണ്ട്. നിഗമനങ്ങളിലെത്തുന്ന രീതി പരിശോധിച്ചാല്‍ അതും രാഷ്ട്രീയ മുന്‍വിധിയുടെ തെളിവാണ്.” എന്നാണ് ഐ.എഫ്.സി.എന്‍ നിരീക്ഷകന്‍ കാഞ്ചന്‍ കൗര്‍ ഓപ് ഇന്ത്യയുടെ അപേക്ഷ തള്ളിക്കൊണ്ടുള്ള കുറിപ്പില്‍ പറയുന്നത്.

Also Read മോദി ഞങ്ങളുടെ അച്ഛനാണ്, ഇന്ത്യയുടെ അച്ഛനാണ്: അണ്ണാ ഡി.എം.കെ നേതാവ് കെ.ടി.ആര്‍ ബാലാജി

“പേജില്‍ വെബ്‌സൈറ്റ് വായനക്കാരില്‍ നിന്നും സംഭാവനകള്‍ ക്ഷണിക്കുന്നുണ്ട്. ഇതും മുന്‍വിധി വ്യക്തമാക്കുന്നതാണ്. വെബ്‌സൈറ്റിലെ ആ ഭാഗം ഞാന്‍ ഉദ്ധരിക്കാം: “പതിവ് ഇടത് വിവരണങ്ങള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല.” ” കുമാര്‍ വിശദീകരിക്കുന്നു.

വസ്തുതാ പരിശോധനയ്ക്ക് ഓപ് ഇന്ത്യ സ്വീകരിക്കുന്ന സമീപനത്തേയും ഐ.എഫ്.സി.എന്‍ ചോദ്യം ചെയ്യുന്നുണ്ട്. ” പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും പ്രസംഗങ്ങളിലെ വിവരങ്ങളാണ് ഇവര്‍ വസ്തുതാ പരിശോധയ്ക്ക് ആധാരമായി ഉപയോഗിക്കുകയാണ്. പലപ്പോഴും ഇത് വെറും എതിര്‍ അവകാശവാദങ്ങള്‍ മാത്രമാകും. കണക്കുകള്‍ അധികമൊന്നും ഓപ് ഇന്ത്യ ഉപയോഗിക്കാറില്ല.” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിശ്വാസ്യത കുറഞ്ഞ ആളുകളെ ഉദ്ധരിച്ചാണ് പലപ്പോഴും അവകാശവാദങ്ങളെ ഖണ്ഡിക്കുന്നത്. കൂടാതെ അവകാശവാദങ്ങള്‍ പബ്ലിഷ് ചെയ്ത സ്ഥാപനത്തെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നു.

ഓപ് ഇന്ത്യയുടെ ഫണ്ടിങ് സോഴ്‌സിനെക്കുറിച്ചും ഐ.എഫ്.സി.എന്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മറ്റൊരു വലതുപക്ഷ വെബ്‌സൈറ്റായ സ്വരാജ്യയില്‍ നിന്നായിരുന്നുവെന്നാണ് പറയുന്നത്. സ്വരാജ്യയ്ക്ക് സംഭാവന നല്‍കുന്നവരില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റപ്പെന്റന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷനുമുണ്ട്. ” അപേക്ഷകന്‍ ഉടമസ്ഥരുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. പക്ഷേ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ പറയുന്നില്ല.”

സ്വന്തം മുന്‍വിധികള്‍ എഴുതിച്ചേര്‍ത്ത് അതിനെ ന്യൂസ് വെബ്‌സൈറ്റ് എന്നുവിശേഷിപ്പിക്കുന്നവരെന്ന് ഓപ് ഇന്ത്യയെ പരിഹസിക്കുന്നുമുണ്ട്. ” ഒരു കാഴ്ചപ്പാടുമാത്രമേ തങ്ങള്‍ സ്വീകരിക്കൂവെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഉദ്ധരിക്കാം: ” പതിവ് ഇടതു ലിബറല്‍ വിവരങ്ങള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഞങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു. പക്ഷേ ഇത്തരം ആര്‍ട്ടിക്കിള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ല. ഇന്റര്‍നെറ്റ് വിശാലമായ ലോകമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരുപാട് വേദികള്‍ ലഭിക്കും. ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഇടതു ലിബറല്‍ വിവരങ്ങള്‍ ഇഷ്ടപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിബിംബമാകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഞങ്ങള്‍ വലതു ലിബറല്‍ കാഴ്ചപ്പാടില്‍ ഉറച്ചു നില്‍ക്കും” “

We use cookies to give you the best possible experience. Learn more