|

പാലക്കാട്ടെ പത്രപരസ്യം തെക്കനും നായരുമായ രാഹുലിന് മുസ്‌ലിങ്ങളുടെ വോട്ട് പോകാതിരിക്കാന്‍: രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ ഒരു ജാതിവാദിയും മതവാദിയുമാണെന്നും വലതുപക്ഷ നിരീക്ഷകനായ രാഹുല്‍ ഈശ്വര്‍. ജാതിവാദി എന്ന് പറയുന്നതില്‍ തനിക്ക് അശ്ലീലത തോന്നുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം. തനിക്ക് ഭരണഘടനയോട് മാത്രമല്ല, ഈ നാട്ടിലെ സംസ്‌കാരത്തോടും വിശ്വാസങ്ങളോടും കൂറുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പാലക്കാട് മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികളും മികച്ചവരാണ്. പാലക്കാട് മണ്ഡലത്തില്‍ 66 ശതമാനം ഹിന്ദുക്കളാണ് ഉള്ളത്. 22 മുതല്‍ 30 ശതമാനം വരെ മുസ്‌ലിങ്ങളും നാല് ശതമാനം ക്രിസ്ത്യാനികളുമാണ് മണ്ഡലത്തിലുള്ളതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഹിന്ദുക്കളുടെ ഉള്ളില്‍ ജാതി കണക്കുകളും ഉണ്ട്. സി.പി.ഐ.എം രണ്ട് മുസ്‌ലിം പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നതിന്റെ ഉദ്ദേശം എന്നത്, മുസ്‌ലിം വോട്ടുകള്‍ മുഴുവനായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് പോകാതിരിക്കാനും ഭിന്നിപ്പുണ്ടാക്കാനുമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പാലക്കാട് പിടിച്ചെടുക്കാനുള്ള കഴിവ് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. മത്സരം കൂടുതല്‍ ത്രികോണമാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിലെ ഭൂരിഭാഗം മുസ്‌ലിങ്ങളും ഷാഫി പറമ്പിലിന് വോട്ട് ചെയ്തവരാണ്. ഈ സാഹചര്യത്തില്‍ തെക്കനും നായരുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന വോട്ടുകള്‍ കുറയ്ക്കുക എന്നതാണ് സി.പി.ഐ.എമ്മിന്റെ ലക്ഷ്യം. കോണ്‍ഗ്രസിന്റെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാകുകയും ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇത് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ. പി. സരിന്റെ സാധ്യത കൂട്ടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മതേതരമെന്ന് പറയുന്ന മുസ്ലിങ്ങളുടെ ഏതാനും വോട്ട് സരിന് ലഭിച്ചാല്‍ മത്സരം കൂടുതല്‍ ത്രികോണമാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

താന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സാമുദായിക വോട്ട് ഉറപ്പ് വരുത്തുന്നവരാണ്. ഈ വസ്തുത മനസിലാക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇത്തരത്തിലുള്ള സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെയാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാഹുല്‍ പറഞ്ഞ ‘സോഷ്യല്‍ എഞ്ചിനീയറിങ്’ വര്‍ഗീയതയാണെന്ന് ചൂണ്ടിക്കാട്ടിയ അവതാരകന്‍ എസ്.എ. അജിംസിനോട് അത് സാമുദായികത മാത്രമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി സന്ദീപ് വാര്യരെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് മതേതരത്തിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു.

Content Highlight: Right-wing observer Rahul Eshwar says he is a casteist