ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ വലതുപക്ഷ മാധ്യമ സ്ഥാപനങ്ങളായ കര്‍മ്മ ന്യൂസിനും ജനം ടി.വിക്കും ജന്മഭൂമി പത്രത്തിനും തിരിച്ചടി. ‘ദി ന്യൂസ് മിനിട്ട്’ സ്ഥാപക ധന്യ രാജേന്ദ്രനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളിലാണ് മൂവരും തിരിച്ചടി നേരിട്ടത്. ധന്യക്കെതിരായ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് വീഡിയോകളും ലേഖനങ്ങളും ഉടനെ നീക്കം ചെയ്യണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ധന്യ രാജേന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ജസ്റ്റിസ് വികാസ് മഹാജനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. ധന്യക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനോ അതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വ്യക്തമാക്കാനോ എതിര്‍പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. വീഡിയോയിലെയും ലേഖനത്തിലെയും ഉള്ളടക്കങ്ങള്‍ വെറും ആരോപണം മാത്രമാണെന്നും കോടതി വിലയിരുത്തി.
2023 മാര്‍ച്ച് 25ന് ധന്യയും സ്വതന്ത്ര മാധ്യമ ചാനലുകളും ചേര്‍ന്ന് ‘കട്ടിങ് സൗത്ത് 2023’ എന്ന പേരില്‍ ഒരു കോണ്‍ക്ലേവ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ധന്യയെ അധിക്ഷേപിച്ച് ജന്മഭൂമി ഉള്‍പ്പെടയുള്ളവര്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചത്. ഇന്ത്യയില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ജോര്‍ജ്ജ് സോറോസിന്റെ ഏജന്റാണ് ധന്യയെന്ന് ആരോപിച്ചായിരുന്നു ലേഖനങ്ങളും വീഡിയോകളും.
ധന്യയുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായും ദക്ഷിണേന്ത്യയെ വെട്ടിമുറിക്കാനും വിഭജിക്കാനുമാണ് കോണ്‍ക്ലേവ് നടത്തിയതെന്നുമായിരുന്നു ആരോപണം. എന്നാല്‍ ധന്യയുടെ ഹരജിയില്‍ പറയുന്നതനുസരിച്ച്, കട്ടിങ് സൗത്ത് എന്ന പേര് കട്ടിങ് ചായ, കട്ടിങ് എഡ്ജ് എന്നീ വാക്കുകളെ പ്രതിനിധീകരിക്കുന്നതാണ്.
അതേസമയം എതിര്‍പക്ഷത്തിന്റെ വാദങ്ങള്‍ക്ക് അനുസൃതമായ കേസുകള്‍ ഒന്നും തന്നെ ധന്യ രാജേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 10 ദിവസത്തിനുള്ളില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ യൂട്യൂബിനെ സമീപിക്കാന്‍ ന്യൂസ് മിനിട്ടിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.
Content Highlight: Right-wing media houses Karma News, Janam TV and Janmabhoomi newspaper hit back in defamation case