ന്യൂദല്‍ഹി: എ.ബി.വി.പിയുടെ ആക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയാ ക്യാമ്പെയ്‌ന് തുടക്കമിട്ട ഗുര്‍മെഹര്‍ കൗറിനെതിരെ വ്യാജ പ്രചരണങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കാറിനുള്ളില്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഗുര്‍മെഹറിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മോദിയുടെ ആരാധകരായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളില്‍ നിന്നാണ് വീഡിയോകള്‍ ഗുര്‍മെഹറിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
Also read സൗദിയില്‍ രണ്ടു ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടിയശേഷം തല്ലിക്കൊന്നു
തങ്ങള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിക്കുന്നവരെ ഏത് വിധേനയെയും അപമാനിക്കുക എന്ന നിലപാട് സ്വീകരിക്കുന്ന സംഘപരിവാറിന്റെ നുണ പ്രചരണത്തിന്റെ അവസാന ഉദാഹരണമായി മാറുകയാണ് ഗുര്‍മെഹറിന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോകള്‍. മോദിയുടെ ചിത്രം കവര്‍ ഫോട്ടോയാക്കിയിട്ടുള്ള അക്കൗണ്ടുകളില്‍ നിന്നാണ് യുവതി പാട്ടും നൃത്തവുമായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സമയം ചിലവഴിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നൃത്തം ചെയ്യുന്ന യുവതി ഗുര്‍മെഹര്‍ ആണെന്ന അവകാശവാദത്തോടെയാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീഡിയോ യൂട്യൂബിലും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഗുര്‍മെഹര്‍ കൗറിന്റെ മദ്യലഹരിയിലെ ദുബായി ആഘോഷങ്ങള്‍” എന്ന പേരിലാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോയാണ് ഗുര്‍മെഹറിന്റെ പേരില്‍ വീണ്ടും ഷെയര്‍ ചെയ്യപ്പെടുന്നത്.
സെപ്റ്റംബറില്‍ അഫ്ഗാന്‍ യുവതിയെന്ന പേരിലും ഇന്ത്യന്‍ യുവതി എന്ന പേരിലുമാണ് വീഡിയോ യൂട്യൂബില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് ഗുര്‍മെഹര്‍ മദ്യലഹരിയില്‍ നൃത്തം ചെയ്യുന്നു എന്ന പേരിലാണ് സംഘപരിവാറുകാര്‍ പ്രചരിപ്പിക്കുന്നത്. യൂട്യൂബിലും ഫേസ്ബുക്കിലും ട്വിറ്ററിലും ഒന്നിലധികം തവണയാണ് വീഡിയോകള്‍ അപ്‌ലോഡ ചെയ്തിരിക്കുന്നത്.
വിക്രം ബാനുഷാലി എന്നയാളാണ് ഫേസ്ബുക്കില്‍ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിയാളുകള്‍ ഈ വീഡിയോ കണ്ടതായും ഷെയര്‍ ചെയ്തതായും വിക്രത്തിന്റെ പോസ്റ്റില്‍ കാണാന്‍ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണ് വിക്രം എന്ന് അയാളുടെ മുന്‍ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.
എ.ബി.വി.പിക്കെതിരായ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌ന്റെ പേരില്‍ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയര്‍ത്തിയതിന് പിന്നാലെയാണ് ഗുര്‍മെഹറിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.
ഗുര്‍മെഹറിന്റെ പേരില്‍ സംഘപരിവാരുകള്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോ