വെടിനിര്‍ത്തല്‍ വേണ്ട; ഇസ്രഈല്‍ അനുകൂല റാലിയുമായി അമേരിക്കയിലെ വലതുപക്ഷം
World News
വെടിനിര്‍ത്തല്‍ വേണ്ട; ഇസ്രഈല്‍ അനുകൂല റാലിയുമായി അമേരിക്കയിലെ വലതുപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th November 2023, 3:57 pm

വാഷിങ്ടണ്‍: ഹമാസിനെതിരായ ആക്രമണത്തില്‍ ഇസ്രഈലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും യഹൂദവിരുദ്ധതയെ അപലപിക്കണമെന്നും ആവശ്യപ്പെട്ട് വാഷിങ്ടണില്‍ പതിനായിരക്കണക്കിന് ആളുകളുടെ റാലി. ‘മാര്‍ച്ച് ഫോര്‍ ഇസ്രഈല്‍’ എന്ന പേരില്‍ അമേരിക്കയിലെ പ്രമുഖ മാളിന് മുന്‍വശത്തായിരുന്നു റാലി സംഘടിപ്പിച്ചത്. ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അമേരിക്കയില്‍ നടക്കുന്ന ആദ്യത്തെയും വലുതുമായ റാലിയാണിത്.

യു.എസ് കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ അമേരിക്കയുടെയും ഇസ്രഈലിന്റെയും പതാകകള്‍ ഉയര്‍ത്തി റാലിയെ അഭിസംബോധന ചെയ്തു. ഹമാസ് ബന്ദികളാക്കിയ 200 പേരെ മോചിപ്പിക്കണമെന്നെഴുതിയ പ്ലക്കാഡുകള്‍ ഇസ്രഈല്‍ അനുകൂലികള്‍ റാലിയില്‍ ഉയര്‍ത്തുകയുമുണ്ടായി. ‘നദി മുതല്‍ കടല്‍ വരെ’ ഹമാസിനെ ഉന്മൂലനം ചെയ്യണമെന്നും തങ്ങള്‍ ജനാധിപത്യത്തെ പിന്തുണക്കുന്നുവെന്നും ഇസ്രഈല്‍ അനുകൂലികള്‍ പറഞ്ഞു.

യു.എസിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനും യഹൂദനുമായ ഷുമര്‍ തങ്ങള്‍ ഇസ്രഈലിനോടൊപ്പം നില്‍ക്കുന്നുവെന്ന് റാലിയില്‍ പറഞ്ഞു.

ഹോളോകോസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയാണ് നടന്നതെന്നും തങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വീണുപോയാല്‍ വീണ്ടും ഉയത്തെഴുന്നേല്‍ക്കുമെന്നും വീഡിയോ കോളിലൂടെ ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് റാലിയില്‍ പറഞ്ഞു.


യു.എസ് കോണ്‍ഗ്രസിലെ മുന്‍നിര ഡെമോക്രാറ്റുകളായ സെനറ്റ് മെജോറിറ്റി ലീഡര്‍ ചക്ക് ഷുമര്‍, ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫറീസ്, റിപ്പബ്ലിക്കന്‍ നേതാവായ മൈക്ക് ജോണ്‍സണ്‍, ജനപ്രതിനിധി സഭയുടെ സ്പീക്കര്‍, സെന്‍ട്രല്‍ സ്റ്റേറ്റായ അയോവയില്‍ നിന്നുള്ള സെനറ്റര്‍ ജോണി ഏണസ്റ്റ് എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

റാലിയില്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ വാന്‍ ജോണ്‍സ് ഗസയിലെ ബോംബാക്രമണം ഇസ്രഈല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുകൂലികള്‍ പൊട്ടിത്തെറിച്ചു. ഗസയില്‍ സമാധാനം പുലരാനായി താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും വാന്‍ ജോണ്‍സ് പറഞ്ഞു.

ഗസയില്‍ ഇനി റോക്കറ്റുകള്‍ ഉണ്ടാകരുതെന്നും ഗസയിലെ ജനങ്ങളുടെ മേല്‍ ബോംബുകള്‍ വീഴരുതെന്നും ദൈവത്തിനോട് ഫലസ്തീനിലെ കുട്ടികളെ സംരക്ഷിക്കണമെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

അതേസമയം അമേരിക്കയും ബൈഡനും ഇസ്രഈലിന് നല്‍കുന്ന പിന്തുണയില്‍ യു.എസിലെ ഡെമോക്രാറ്റിക് നേതാക്കള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.

കൂടാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഴ്ചകളോളം നീണ്ടുനിന്ന ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് അമേരിക്ക സാക്ഷ്യം വഹിക്കുകയായുണ്ടായി. തുടര്‍ന്ന് ഇസ്രഈലിന് ബൈഡന്‍ നല്‍കുന്ന പൂര്‍ണ പിന്തുണയില്‍ കുറവുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Right wing in America with pro-Israel rally