ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര വലതുസംഘടനകളുടെ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലേക്ക് കൂട്ടത്തോടെ അതിക്രമിച്ചുകയറി
national news
ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര വലതുസംഘടനകളുടെ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലേക്ക് കൂട്ടത്തോടെ അതിക്രമിച്ചുകയറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th December 2021, 8:52 am

റോഹ്തക്ക്: ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ അക്രമം തുടര്‍ന്ന് തീവ്ര വലതുപക്ഷ സംഘങ്ങള്‍.

ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ വ്യാഴാഴ്ച നിരവധി വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇവരെ തടഞ്ഞത്.

പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ അതിക്രമിച്ചുകയറിയത്. എന്നാല്‍, മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഏറെ ബഹളത്തിന് ശേഷമാണ് ജനക്കൂട്ടത്തെ നിയന്ത്രണത്തിലാക്കിയതെന്നും പൊലീസ് പറഞ്ഞു.

”മറ്റേതൊരു ആരാധനാലയത്തെയും പോലെ ഭക്തിയോടെയാണ് ആളുകള്‍ ഇവിടെയെത്തുന്നത്. ഞങ്ങള്‍ ആരെയും ഇവിടെ വരാന്‍ നിര്‍ബന്ധിച്ചിട്ടില്ല,” ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ പറഞ്ഞു.

ചര്‍ച്ചില്‍ മതപരിവര്‍ത്തനം നടക്കുന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റോഹ്തക് ഡെപ്യൂട്ടി കമ്മീഷണര്‍ ക്യാപ്റ്റന്‍ മനോജ് കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറ് വര്‍ഷത്തോളമായി ആളുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പള്ളിയില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം, മതപരിവര്‍ത്തനം തടയാനുള്ള നിയമം നടപ്പിലാക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്.

2020 ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് പ്രകാരം, നിയമവിരുദ്ധമായ മതപരിവര്‍ത്തനം നിരോധിക്കുകയും, മതപരിവര്‍ത്തനം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള വിവാഹങ്ങള്‍ അസാധുവാകുകയും ചെയ്യുമെന്നാണ് പറയുന്നത്.

10 വര്‍ഷം വരെ തടവും പരമാവധി 50,000 രൂപ പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

അതേസമയം, ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം പള്ളികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കുമെതിരെ നിരന്തരം ആക്രമണം നടക്കുന്നുണ്ട്.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: