| Sunday, 23rd April 2017, 10:39 am

ഗോരക്ഷയുടെ പേരില്‍ പിടിച്ചുപറിയും പണം തട്ടലും: നടപടിയെടുത്ത ഡി.എസ്.പിയ്ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം, പൊലീസുകാര്‍ക്കുനേരെ കല്ലേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കടയുടമകളെ കൊള്ളയടിച്ചവര്‍ക്കെതിരെ നടപടിയെടുത്ത ഫത്തേപ്പൂര്‍ സിക്രി പൊലീസിനുനേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഒരു കൂട്ടം വി.എച്ച്.പി, ബജ്രംഗദള്‍, ഹിന്ദു യുവവാഹനി, ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനുനേരെ കല്ലേറു നടത്തുകയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവികാന്ത് പരാശറിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മറ്റുമതസ്ഥരായ കച്ചവടക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്ത ചില സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഇവര്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരുള്‍പ്പെടെ ഫത്തേപൂര്‍ സിക്രി പൊലീസ് സ്റ്റേഷന്‍ ഘരാവോ ചെയ്യുകയായിരുന്നു.

ബി.ജെ.പിയുടെ കിര്‍വാലി ടെഹ്‌സില്‍ കോഡിനേറ്റര്‍ ഹേമന്ത് തിവാരി, ബി.ജെ.പി പ്രവര്‍ത്തകനായ ഉദയ വീര്‍, വി.എച്ച്.പി വിദ്യാര്‍ഥി നേതാവ് ജഗ് മോഹന്‍ ചാഹര്‍, ഗോരക്ഷ പ്രമുഖ് ഒമി തിക്രി, വി.എച്ച്.പി ആഗ്ര ജില്ലാ കോഡിനേറ്റര്‍ സാഗര്‍ ചൗധരി എന്നിവരുള്‍പ്പെടെ 50ഓളം പേര്‍ ഫത്തേപ്പൂര്‍ സിക്രി പൊലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നെന്നും ഇതാണ് അക്രമത്തിനു വഴിവെച്ചതെന്നുമാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.

സൗഗര്‍ ചൗധരിയുടെ ബന്ധുവുള്‍പ്പെടെയുള്ളവരെ പിടിച്ചുപറി കേസില്‍ അറസ്റ്റു ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. ഇവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നും സൂപ്രണ്ടിനെ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്.

പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന കടകള്‍ പൂര്‍ണമായി നിരോധിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

ഇവരെ അനുനയിപ്പിക്കാന്‍ സര്‍ക്കിള്‍ ഓഫീസറും ഡി.എസ്.പി രവികാന്ത് പരാശറും മുന്നോട്ടുവന്നതോടെ സംഘത്തില്‍പ്പെട്ട ഒരാള്‍ ഡി.എസ്.പിയെ അടിക്കുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്ന് പൊലീസിനുനേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു.

We use cookies to give you the best possible experience. Learn more