ഷിംല: ഹിമാചല്‍ പ്രദേശത്തില്‍ പള്ളിയില്‍ അതിക്രമിച്ചെത്തി ഇമാമിനെ ഭീഷണിപ്പെടുത്തി തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍. ഹിമാചലിലെ കംഗ്രയിയിലാണ് സംഭവം. പള്ളിയിരിക്കുന്ന സ്ഥലത്ത് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടാണ് അക്രമികള്‍ ഇമാമിനെ ഭീഷണിപ്പെടുത്തിയത്.
നവംബര്‍ 16നാണ് സംഭവം നടന്നത്. ഹിന്ദുത്വ വാദികള്‍ മസ്ജിദിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് പള്ളിയുടെ ചരിത്രം വിശദീകരിക്കാനും ഉടമസ്ഥത തെളിയിക്കാന്‍ ആധാരം ഹാജരാക്കാനും അക്രമികള്‍ ഇമാമിനെ ഭീഷണിപ്പെടുത്തി.
100 വര്‍ഷം മുമ്പ് പള്ളിയിരിക്കുന്ന ഭൂമിയില്‍ ക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദുത്വ വാദികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മസ്ജിദ് നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പള്ളിയിരിക്കുന്ന ഭൂമി കബറടക്കിയിരുന്ന സ്ഥലമാണെന്നാണ് ഇമാം പറയുന്നത്.
ഹിന്ദുത്വ വാദികളുടെ ആവശ്യങ്ങള്‍ ഇമാം നിരാകരിച്ചതോടെ അക്രമികള്‍ പള്ളി തകര്‍ക്കുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഇതിനുപിന്നാലെ സ്ഥലത്ത് സംഘര്‍ഷമുണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ കുളുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഒരു മസ്ജിദ് അനധികൃത നിര്‍മാണമാണെന്നും ഹിന്ദുത്വ വാദികള്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ നിരവധി മുസ്‌ലിം പള്ളികള്‍ക്ക് നേരെ തീവ്ര വലതുപക്ഷ സംഘടനകള്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും വലതുപക്ഷ വാദികള്‍ ആരോപിച്ചിരുന്നു. ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ സംഘര്‍ഷമുണ്ടാക്കിയത്. നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സഞ്ജൗലിയില്‍ എത്തിയത്.
തുടര്‍ന്ന് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തു.
നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി വ്യക്തമാക്കിയിരുന്നു.
Content Highlight: Right-wing group harasses Imam, claims mosque was once a temple in himachal