ബംഗ്ലാദേശ് നുഴഞ്ഞുകയയറ്റക്കാരെന്ന് ആരോപണം; യു.പിയിൽ മുസ്‌ലിങ്ങൾക്ക് നേരെ ആക്രമണം
NATIONALNEWS
ബംഗ്ലാദേശ് നുഴഞ്ഞുകയയറ്റക്കാരെന്ന് ആരോപണം; യു.പിയിൽ മുസ്‌ലിങ്ങൾക്ക് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2024, 8:17 am

ലഖ്‌നൗ: ഉത്തർപ്രദർശിൽ ബംഗ്ലാദേശ് സ്വദേശികളെന്നും നുഴഞ്ഞുകയറ്റക്കാരെന്നും ആരോപിച്ച് മുസ്‌ലിങ്ങൾക്ക് നേരെ ആക്രമണം. ഗാസിയാബാദിലെ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മുസ്‌ലിങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഹിന്ദുവലതുപക്ഷ സംഘടനയിലെ അംഗങ്ങൾ മുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കയറുകയും അവരെ ആക്രമിക്കുകയും അവരുടെ കുടിലുകൾ നശിപ്പിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബംഗ്ലാദേശിൽ നിന്ന് വന്ന നുഴഞ്ഞുകയറ്റക്കാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം അഴിച്ച് വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു രക്ഷ ദൾ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി, ഹരി ഓം സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടടുത്താണ് സംഭവം നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിനിരയായവർ ബംഗ്ലാദേശ് സ്വദേശികളല്ല എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവർക്കെതിരെയും മറ്റ് 20 പേർക്കെതിരെയും കലാപത്തിനും മതവികാരം വ്രണപ്പെടുത്തിയതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

 

‘ആക്രമണത്തിന് ഇരയായവർ ബംഗ്ലാദേശ് സ്വദേശികളല്ല. അവർ ഷാജഹാൻപൂരിൽ നിന്നുള്ളവരാണ്. അവരെ ആക്രമിച്ചവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിങ്കി എന്നറിയപ്പെടുന്ന ചൗധരിക്കും മറ്റ് 20 പേർക്കും എതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ കലാപത്തിനും മത വികാരം വൃണപ്പെടുത്തിയതിനുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്,’ ഗാസിയാബാദ് പൊലീസ് കമ്മിഷണർ അജയകുമാർ മിശ്ര പറഞ്ഞു.

അക്രമികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുൽധർ റെയിൽവേ സ്റ്റേഷന് സമീപം ചൗധരിയും 20 അനുയായികളും എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

താമസക്കാരെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് സംഘം അവരുടെ താത്കാലിക അഭയകേന്ദ്രങ്ങൾ നശിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

 

എ.സി.പി അഭിഷേക് ശ്രീവാസ്തവ പറയുന്നതനുസരിച്ച്, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രമണത്തിനിരയായവർ ബംഗ്ലാദേശ് പൗരന്മാരല്ലെന്ന് കണ്ടെത്തുകയായിരുന്നു. സഞ്ജയ് നാഗ സെക്ടർ 23ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ സജീവ് കുമാറാണ് പ്രാഥമിക വിവരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതെന്ന് മിശ്ര പറഞ്ഞു.

 

സംഭവം അറിഞ്ഞ് തങ്ങൾ സംഭവസ്ഥലത്ത് എത്തിയെന്നും ബംഗ്ലാദേശ് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പിങ്കിയും അനുയായികളും മുസ്‌ലിങ്ങളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് കണ്ടെന്നും സജീവ് കുമാർ പറഞ്ഞു. അവർ മുസ്‌ലിങ്ങൾ താമസിച്ചിരുന്ന കുടിലുകൾ തകർക്കുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇവർ ബംഗ്ലാദേശിൽ നിന്നുള്ളവരല്ലെന്ന് ഞാൻ അവരോട് വിശദീകരിക്കാൻ ശ്രമിച്ചു, പക്ഷേ അവർ അവരെ മർദിക്കുകയും അവരുടെ കുടിലുകൾ നശിപ്പിക്കുകയും ചെയ്‌തു,’ കുമാർ പറഞ്ഞു

 

 

 

Content Highlight: Right-wing group attacks shanty-dweller Muslims in UP calling them Bangladeshi infiltrators, 2 held