| Saturday, 11th September 2021, 8:43 am

ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കെതിരായ ആക്രമണം തുടരും; പരസ്യ ഭീഷണിയുമായി ഹിന്ദു ജാഗരണ വേദികെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: ഉഡുപ്പിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന പരസ്യ ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെ. കര്‍ക്കളയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടതിനുപിന്നാലെയാണ് ഭീഷണി.

നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നാണ് ഹിന്ദു ജാഗരണ വേദികെയുടെ ആരോപണം. വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നതിനിടെ ഹിന്ദു ജാഗരണ വേദികെയുടെ അമ്പതോളം പ്രവര്‍ത്തകര്‍ ഇവിടെയെത്തി ആക്രമിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജും രംഗത്തെത്തിയത്.

‘നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പരിവര്‍ത്തനം ചെയ്തു. ഇവരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാരും പൊലീസും നടപടിയെടുക്കുന്നില്ലെങ്കില്‍ കൂടുതല്‍ മതകേന്ദ്രങ്ങള്‍ക്ക് നേരെ ഞങ്ങള്‍ ആക്രമണം അഴിച്ചുവിടും,’ ഹിന്ദു ജാഗരണ വേദികെ നേതാവ് പ്രകാശ് കുക്കെഹള്ളി പറഞ്ഞു.

ഗണേശോത്സവം ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, പ്രാര്‍ത്ഥനയുടെ പേരില്‍ മതപരിവര്‍ത്തനം നടത്താന്‍ ഇവിടെ അനുമതി ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ ആക്രമണം തുടരുമെന്നാണ് നേതാവിന്റെ ഭീഷണി.

ഉഡുപ്പി ജില്ലയിലെ കര്‍ക്കളയിലെ കുക്കുണ്ടൂര്‍ ആനന്ദി മൈതാനത്തെ പ്രഗതി പ്രാര്‍ത്ഥനാലയത്തിന് നേരെയാണ് വെള്ളിയാഴ്ച അക്രമം നടന്നത്. 10 വര്‍ഷമായി പ്രാര്‍ത്ഥന നടക്കുന്ന കേന്ദ്രമാണിത്.

അതേസമയം ആരെയും മതം മാറ്റുന്നില്ലെന്നും പ്രാര്‍ത്ഥന മാത്രമാണ് ചെയ്യുന്നതെന്നും ദേവാലയം ഭാരവാഹിയായ ബെനഡിക്ട് പറഞ്ഞു. സംഭവത്തില്‍ കാര്‍ക്കള ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Right-wing group attacks prayer Hall in Udupi district

We use cookies to give you the best possible experience. Learn more