| Thursday, 27th March 2025, 8:07 am

തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണി; ഷിംലയിലെ സ്കൂളിൽ ഈദ് ആഘോഷങ്ങൾ റദ്ദാക്കാൻ നിർബന്ധിതരായി അധികൃതർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ ഷിംലയിലെ സ്വകാര്യ സ്കൂളിൽ നടത്താനിരുന്ന ഈദ് ആഘോഷങ്ങൾ റദ്ദാക്കി സ്കൂൾ അധികൃതർ.

ഓക്ക്‌ലാൻഡ് ഹൗസ് സ്‌കൂൾ എന്ന സ്വകാര്യ സ്കൂളിലാണ് സംഭവം. റംസാനിലെ അവസാന വെള്ളിയാഴ്ചയായ മാർച്ച് 28ന് ഈദ് ആഘോഷങ്ങൾ നടത്താൻ സ്കൂൾ തീരുമാനിച്ചിരുന്നു. തുടർന്ന് നഴ്‌സറി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളോട് കുർത്ത-പൈജാമയും ചെറിയ തൊപ്പിയും ധരിക്കാനും ഈദ്-ഉൽ-ഫിത്തർ ആഘോഷങ്ങൾക്ക് പനീർ, സേവയാൻ (മധുരപലഹാരം), ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയോടൊപ്പം റൊട്ടി റോളുകളും കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആഘോഷങ്ങളെക്കുറിച്ചുള്ള വാർത്ത താമസിയാതെ തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി), ദേവ് ഭൂമി സംഘർഷ് സമിതി എന്നിവർ അറിഞ്ഞു. പിന്നാലെ ഈദ് ആഘോഷത്തെ അവർ ശക്തമായി എതിർക്കുകയും സ്വകാര്യ സ്കൂൾ ഹിമാചൽ പ്രദേശിൽ ഇസ്‌ലാം മതത്തെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.

സ്വകാര്യ സ്‌കൂളിന്റെ ഈദ് ആഘോഷം ഭരണഘടനയിലെ മതേതരത്വത്തിന്റെ ലംഘനമാണെന്ന് ദേവ് ഭൂമി സംഘർഷ് സമിതി പ്രതിനിധികൾ അവകാശപ്പെട്ടു. ഈദ് ആഘോഷവുമായി സ്‌കൂൾ അധികൃതർ മുന്നോട്ടുപോയാൽ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ‘ഘരാവോ’ നടത്തുമെന്നും അവർ ഭീഷണിപ്പെടുത്തി.

ഭീഷണിയെത്തുടർന്ന്, സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി ആഘോഷങ്ങൾ റദ്ദാക്കുകയും ചെയ്തു.

‘നഴ്‌സറി മുതൽ രണ്ടാം ക്ലാസ് വരെയുള്ളവർക്കായി നടത്താനിരുന്ന ഈദ്-ഉൽ-ഫിത്തർ ആഘോഷങ്ങൾ, ഹോളി, ദീപാവലി, ക്രിസ്മസ് എന്നിവ ആഘോഷിക്കുന്നതുപോലെയുള്ള ആഘോഷമാണ്. ഇതിലൂടെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ വിലമതിക്കാനും മതേതരത്വം നിലനിർത്താനും കുഞ്ഞുങ്ങൾ പ്രപ്തരാകും. മതപരമായ ആചാരങ്ങളൊന്നുമില്ലാതെ, ഒരു സാംസ്കാരിക പഠനാനുഭവം എന്ന നിലയിലാണ് ഈദ് ആഘോഷം നടത്താൻ തീരുമാനിച്ചത്,’ സ്കൂൾ അധികൃതർ തങ്ങളുടെ പ്രസ്‍താവനയിൽ പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിനെക്കുറിച്ച് സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് സ്കൂൾ അധികാരികൾ പ്രതികരിച്ചു.

‘സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനാണിവർ ശ്രമിക്കുന്നത്. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും സത്യത്തിലും അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു,’ സ്കൂൾ അധികൃതർ പറഞ്ഞു.

ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂർ സംഭവത്തിൽ പ്രതികരിച്ചു. വർഗീയ വികാരം ഇളക്കിവിടാൻ വേണ്ടി മാത്രമാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ ഈ വിഷയം പ്രചരിപ്പിക്കുന്നത്. വിഷയം അന്വേഷിക്കും. സാമുദായിക ഐക്യം നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ അധികാരികൾ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Right-wing forces private school in Shimla to cancel Eid celebrations

Latest Stories

We use cookies to give you the best possible experience. Learn more