പൂനെ: ബാബരി മസ്ജിദ് തകർത്തത് ഭരണഘടനക്ക് എതിരാണെന്ന ബാനർ ക്യാമ്പസിൽ ഉയർത്തിയതിന് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ്.ടി.ഐ.ഐ) ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം.
എഫ്.ടി.ഐ.ഐ സ്റ്റുഡന്റസ് അസോസിയേഷനാണ് ബാനർ ഉയർത്തിയത്. ഹിന്ദുത്വ സംഘടനകൾ ബാനറിന് തീവെച്ചുവെന്ന് ഡെക്കാൻ ജിംഖാന പൊലീസ് പറയുന്നു. ക്യാമ്പസിൽ നേരത്തെ രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
ജനുവരി 23ന് ഉച്ചക്ക് 1.30നാണ് സംഭവം.
‘പ്രാഥമിക അന്വേഷണത്തിൽ മനസിലായത് ക്യാമ്പസിൽ എഫ്.ടി.ഐ.ഐ. സ്റ്റുഡന്റസ് അസോസിയേഷൻ ബാനർ ഉയർത്തിയെന്നാണ്. ബാബരി മസ്ജിദ് – രാം ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട ഫോട്ടോകളുടെയും സിനിമയുടെയും പ്രദർശനവും നടത്തിയിരുന്നു,’ പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒരുകൂട്ടം പൊലീസുകാരെ ക്യാമ്പസിനകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്. പൂനെയിലെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളിൽ നിന്നുള്ള 15ഓളം പേരാണ് ക്യാമ്പസിൽ അതിക്രമിച്ചുകയറിയത്.
എങ്ങനെയാണ് ക്യാമ്പസിലെ വിദ്യാർത്ഥികൾ ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്ന് ചോദിച്ച സംഘം സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. വിദ്യാർത്ഥികളെ മർദ്ദിക്കുകയും ബാനറിന് തീവെക്കുകയും ചെയ്ത സംഘം അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം ബാനർ സ്ഥാപിച്ചതിന് എഫ്.ടി.ഐ.ഐ വിദ്യാർത്ഥികൾക്കെതിരെയും ചിലർ പരാതി നൽകിയിട്ടുണ്ടെന്നും അവർ സംഘത്തെ മർദിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Content Highlight: Right-wing activists enter FTII, ‘assault students over Babri banner’