| Wednesday, 29th May 2024, 4:46 pm

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; സെലിബ്രിറ്റികള്‍ക്കെതിരെ ബോയ്‌ക്കോട്ട് ബോളിവുഡുമായി വലതുപക്ഷ അക്കൗണ്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവിധ കാരണങ്ങള്‍ കൊണ്ട് എക്സില്‍ പലപ്പോഴും ട്രെന്‍ഡിങ്ങില്‍ വരാറുള്ള ഹാഷ് ടാഗാണ് ബോയ്ക്കോട്ട് ബോളിവുഡ്. ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും പോസ്റ്റുകളും പങ്കുവെച്ചതിന് പിന്നാലെ വീണ്ടും ട്രെന്‍ഡിങ്ങാകുകയാണ് ബോയ്ക്കോട്ട് ബോളിവുഡ്.

റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂറിനുള്ളില്‍ 10 മില്യണിലധികം ആളുകളാണ് ‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്നെഴുതിയ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റുകളും സ്റ്റോറിയുമിട്ട സെലിബ്രിറ്റികള്‍ക്കെതിരെ ബോയ്ക്കോട്ട് ബോളിവുഡ് എന്ന ഹാഷ് ടാഗില്‍ എക്‌സില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

താരങ്ങള്‍ക്ക് എതിരെ എക്സില്‍ വലതുപക്ഷ അക്കൗണ്ടുകളില്‍ നിന്നും വലിയ ക്യാമ്പയിനുകളാണ് നടക്കുന്നത്. ഇന്ത്യക്ക് വേണ്ടി ശബ്ദമുയര്‍ത്താത്ത സെലിബ്രിറ്റികളാണ് ഇപ്പോള്‍ ഫലസ്തീന് വേണ്ടി ശബ്ദം ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് ഇവരുടെ ആരോപണം.

താരങ്ങള്‍ക്ക് ഇന്ത്യക്ക് വേണ്ടി കണ്ണോ ചെവിയോ ശബ്ദമോയില്ലെന്നാണ് പല പോസ്റ്റുകളിലും പറയുന്നത്. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇവര്‍ വായ തുറന്നില്ലെന്നും വലതുപക്ഷ അക്കൗണ്ടുകള്‍ ആരോപിക്കുന്നു.

വരുണ്‍ ധവാന്‍, തൃപ്തി ദിമ്രി, ഹിന ഖാന്‍, സാമന്ത, സ്വര ഭാസ്‌കര്‍, ദിയ മിര്‍സ, ഗൗഹര്‍ ഖാന്‍, ഫാത്തിമ സന ഷെയ്ഖ്, രാധിക ആപ്തെ, ആമി ജാക്സണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, നുസ്രത്ത് ബറൂച്ച, കരീന കപൂര്‍, രശ്മിക മന്ദാന, സൊനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, ഹണി സിങ്ങ്, നോറ ഫത്തേഹി, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങിയ നിരവധി ബോളിവുഡ് സെലിബ്രിറ്റികളും സ്പോര്‍ട്സ് താരങ്ങളും ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പോസ്റ്റുകള്‍ ഇട്ടിരുന്നു.

ഇവര്‍ക്ക് പുറമെ നിമിഷ സജയന്‍, കീര്‍ത്തി സുരേഷ്, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ്, പ്രകാശ് രാജ്, അറ്റ്ലി, വിജയ് വര്‍മ, നൈല ഉഷ, ഭാവന, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, നിഖില വിമല്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, സുപ്രിയ മേനോന്‍, റിമ കല്ലുങ്കല്‍, അന്ന ബെന്‍, നിരഞ്ജന, തന്‍വി റാം, മണികണ്ഠന്‍ ആചാരി, മീര നന്ദന്‍, മൃദുല, അനുമോള്‍, രമ്യ നമ്പീശന്‍, ഷെയിന്‍ നിഗം, അനാര്‍ക്കലി, ഗൗരി കിഷന്‍, അനുപമ, ഷറഫുദ്ധീന്‍, അശ്വതി ശ്രീകാന്ത്, റോഷ്ന റോയ്, മഖ്ബൂല്‍ സല്‍മാന്‍, നീരജ് മാധവ്, ആഷിഖ് അബു ഉള്‍പ്പെടെയുള്ളവരും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

രോഹിത് ശര്‍മയുടെ പങ്കാളി ഋതിക സജ്ദെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ പോസ്റ്റ് പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വലതുപക്ഷ ആക്രമണത്തിന് അവര്‍ ഇരയായിട്ടുണ്ട്. ഇന്ത്യന്‍ വിഷയങ്ങളില്‍ സംസാരിക്കാതെ ഫലസ്തീനിന് വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണ് അവര്‍ക്ക് എതിരെ വലതുപക്ഷ പ്രൊഫൈലുകള്‍ ഉയര്‍ത്തുന്ന ആരോപണം. സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ അറ്റാക്കുകള്‍ സഹിക്കാതെ ഋതികക്ക് തന്റെ പോസ്റ്റുകളും സ്റ്റോറികളും ഡിലീറ്റ് ചെയ്യേണ്ടി വന്നു.

നുസ്രത്ത് ബറൂച്ചയും ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്റ്റോറിയിട്ടതില്‍ വലിയ രീതിയില്‍ ഓണ്‍ലൈന്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. മുമ്പ് ഹൈഫി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയ നുസ്രത്ത് ഇസ്രഈലില്‍ കുടുങ്ങിയിരുന്നു.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയായിരുന്നു താരത്തെ ഇന്ത്യയില്‍ എത്തിച്ചത്. അന്ന് ഇന്ത്യയ്ക്കും ഇസ്രഈലിനും നന്ദി പറഞ്ഞ നുസ്രത്ത് ഇന്ന് ഫലസ്തീനിനെയും ഹമാസിനെയും പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചാണ് വലതുപക്ഷത്തിന്റെ ഓണ്‍ലൈന്‍ ആക്രമണം.

Content Highlight: Right-wing Accounts With Bollywood Boycott Against Celebrities

We use cookies to give you the best possible experience. Learn more