പനാജി: അവ്യക്തമായ ആരോപണങ്ങളുടെ പേരിൽ പൗരൻമാരുടെ പ്രതിഷേധിക്കാനുള്ള അവകാശം തടയാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്. പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ അടിച്ചമർത്തുന്ന മനോഭാവം വളർന്ന് വന്നാൽ അത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ആളുകൾ നിയമം കൈയിലെടുക്കുകയോ അക്രമത്തിൽ ഏർപ്പെടുകയോ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയോ ചെയ്യാത്തിടത്തോളം കാലം പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
2021 ജനുവരിയിൽ ഗോവയിലെ മെലൗലിയിൽ നടപ്പിലാക്കാൻ പോകുന്ന ഐ.ഐ.ടി പദ്ധതിക്കെതിരെ പ്രതിഷേധിച്ച മനോജ് പരബിനും രോഹൻ കലൻഗുത്കറിനും എതിരായ എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
‘പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനെതിരെ ശിക്ഷാ നടപടികൾ നടത്തുന്നത് അനുവദിക്കാനാവില്ല. ഈ മനോഭാവം തുടർന്നാൽ അത് ജനാധിപത്യത്തിന് ദുഃഖകരമായ ദിവസമായിരിക്കും,’ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് മഹേഷ് സോനാക്ക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (ബി) ഉറപ്പുനൽകുന്നുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. ഈ മൗലികാവകാശം വിനിയോഗിക്കുന്നതിന് ന്യായമായ നിയന്ത്രണങ്ങൾ എല്ലായ്പ്പോഴും ഏർപ്പെടുത്താമെങ്കിലും, ശിക്ഷാ നിയമങ്ങൾ പ്രകാരം അതിനെ കുറ്റകൃത്യമായി കണക്കാക്കണോ പൗരന്മാരുടെ ആ അവകാശം അടിച്ചമർത്താൻ പാടില്ലെന്നും ബെഞ്ച് പറഞ്ഞു.
അതിനാൽ മനോജ് പരബിനും രോഹൻ കലൻഗുത്കറിനും എതിരെ ചുമത്തിയ കുറ്റങ്ങൾ അംഗീകരിക്കാൻ പ്രയാസമാണെന്ന് കോടതി പറഞ്ഞു.
ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ ഇരുവരും ഒത്തുകൂടിയതായോ നിയമവിരുദ്ധമായ ഏതെങ്കിലും വസ്തുവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതായോ, കുറ്റകൃത്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെട്ടതായോ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.
ഇരുവരും മാർച്ച് നടത്തിയ വാൽപോയി പൊലീസ് സ്റ്റേഷൻ വളപ്പിനുള്ളിൽ, ഇവർ മാരകായുധങ്ങൾ ഉപയോഗിച്ചതായോ സർക്കാർ സ്വത്തുക്കൾ നശിപ്പിച്ചതായോ സർക്കാർ ജീവനക്കാർക്ക് പരിക്കേൽപ്പിച്ചതായോ യാതൊരു ആരോപണവുമില്ലെന്നും കോടതി നിരീക്ഷിച്ചു.
‘ഹരജിക്കാരും മറ്റുള്ളവരും മുദ്രാവാക്യം വിളിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി എന്നതാണ് ഏക ആരോപണം. ഈ ആരോപണം മാത്രം കണക്കിലെടുത്ത് ഹരജിക്കാർക്കെതിരെ ചുമത്തിയ വകുപ്പുകൾ പ്രകാരം ഇരുവരെയും ശിക്ഷിക്കാൻ സാധിക്കില്ല. ഇരുവരും ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്,’ കോടതി കൂട്ടിച്ചേർത്തു.
Content Highlight: Right to protest cannot be stifled on vague charges: HC