തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കിയ ശേഷം റിപ്പോര്‍ട്ട് പറത്തുവിടണമെന്നാണ് നിര്‍ദേശം. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച സമിതിയാണ് ഹേമ കമ്മീഷന്‍.
വിലക്കപ്പെട്ടത് ഒഴികെയുള്ള വിവരങ്ങള്‍ സമൂഹം അറിയുന്നതില്‍ തെറ്റില്ലെന്ന് വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 2019 ഡിസംബര്‍ 31നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലിയു.സി.സി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ആര്‍.ടി.ഐ നിയമപ്രകാരം വിലക്കപ്പെടുന്ന വിവരങ്ങള്‍ ഒഴികെ മറ്റൊന്നും മറച്ചുവെക്കാന്‍ ഒരു സര്‍ക്കാരിനും അധികാരമില്ല. ആര്‍.ടി.ഐ സെക്ഷന്‍ 10 പ്രകാരം ഈ വിവരങ്ങള്‍ ഒഴിവാക്കാമെന്നും എന്നാല്‍ ഇക്കാര്യം അപേക്ഷകനെ അറിയിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ മാറ്റിവെക്കാം. അതിനര്‍ത്ഥം റിപ്പോര്‍ട്ട് പുറത്തുവിടേണ്ട എന്നല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ജൂലൈ 23ന് അകം റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് നിര്‍ദേശം.
അതേസമയം ഏതാനും വ്യക്തിപരമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും അതിനാല്‍ മുഴുവനായി റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന വിശദീകരണം.
2019ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവര്‍ അംഗങ്ങളായ ഹേമ കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാൻ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. ഇത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അന്ന് പറഞ്ഞത്.
സർക്കാർ നിലപാടിനെതിരെ അഞ്ജലി മേനോൻ, പാർവതി തിരുവോത്ത്, റിമ കല്ലിങ്ങൽ, പൃഥ്വിരാജ് തുടങ്ങിയവർ പ്രതികരിച്ചിരുന്നു. ഹേമ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു ഇവർ ഉയർത്തിയിരുന്ന പ്രധാന ആവശ്യം. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാത്തതിലും വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
Content Highlight: Right to Information Commission to release Hema Commission report