| Monday, 28th November 2022, 5:46 pm

നിര്‍ബന്ധിത മതപരിവര്‍ത്തനം മതസ്വാതന്ത്ര്യമല്ല; കേന്ദ്രം സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യം ഉപയോഗിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയച്ചത്.

ഭീഷണി, തട്ടിപ്പ്, വഞ്ചന, വശീകരണം എന്നിവയിലൂടെ മറ്റൊരാളെ മതപരിവര്‍ത്തനം ചെയ്യുന്നതിന് ഈ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ ആകില്ലെന്ന് സത്യവാങ്മൂലത്തിലുണ്ട്.

മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ല. ഭീഷണിപ്പെടുത്തിയും മറ്റു മാര്‍ഗങ്ങളിലൂടെയും മതപരിവര്‍ത്തനം നടക്കുന്നു. ഇത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളില്‍ പെട്ടവരുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണം ആവശ്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ഭീഷണി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കുന്നതിനുള്ള അവകാശം പൗരമാര്‍ക്കുണ്ട്. എന്നാല്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ഒമ്പത് സംസ്ഥാനങ്ങള്‍ ഇതിനോടകം നിയമം കൊണ്ടുവന്നിട്ടുണ്ട്. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നിയമം കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമങ്ങള്‍ ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടന്‍ നായരാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സെപ്തംബര്‍ 23ന് സുപ്രീം കോടതി മറുപടി തേടിയിരുന്നു.

അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ് ആയിരുന്നു ഹരജി സമര്‍പ്പിച്ചത്. മതപരിവര്‍ത്തനം രാജ്യവ്യാപകമായ പ്രശ്നമാണെന്നും ഉടനടി നടപടി വേണമെന്നും അശ്വിനി കുമാര്‍ അഭ്യര്‍ഥിച്ചിരുന്നു.

ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നല്‍കിയും മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ റിപ്പോര്‍ട്ടും ബില്ലും തയാറാക്കാന്‍ ലോ കമീഷനോട് നിര്‍ദേശിക്കണമെന്നും ഹരജിയുലുണ്ടായിരുന്നു.

ഇത്തരം മതപരിവര്‍ത്തനങ്ങള്‍ പരിശോധിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും ഹരജിയില്‍ പറയുന്നു.

Content Highlight: Right to freedom of religion does not include Forceful Religious Conversion: Centre to Supreme Court

We use cookies to give you the best possible experience. Learn more