[share]
[] ന്യൂദല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി. നിയമത്തിലെ 25 ശതമാനം സംവരണം ഇവര്‍ക്ക് ബാധകമല്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാപരമാണെന്നും പഠനഭാഷ തിരഞ്ഞെടുക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും കോടതി പറഞ്ഞു. ഭാഷ കുട്ടികളുടെ മൗലിക അവകാശമാണെന്നും മാതൃഭാഷ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍-എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസുമാരായ എ.കെ പട്‌നായിക്, എസ്.ജെ മുഖോപാധ്യായ, ദീപക് മിശ്ര, ഇബ്രാഹിം ഖലിഫുള്ള എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബഞ്ചാണ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ വിധി പ്രസ്താവിച്ചത്.
ഭരണഘടനയുടെ 21 എ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ട്. 2002ലെ ആ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 2009ല്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത്.
വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്നും സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിക്കുന്നുവെന്നും ആരോപിച്ചാണ് ചില ന്യൂനപക്ഷ മാനേജ്‌മെന്റുകളും സ്വകാര്യ അണ്‍ എയ്ഡഡ് മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ചിരുന്നു.